ഡെൽഹി സ്‍ഫോടനത്തിന് പിന്നിൽ ഖലിസ്‌ഥാൻ വാദികൾ? എൻഐഎ അന്വേഷണം തുടങ്ങി

ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്‍ഫോടനത്തിന് ഖലിസ്‌ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് കടന്നിരിക്കുന്നത്. 'ജസ്‌റ്റിസ്‌ ലീഗ് ഇന്ത്യ' എന്ന സംഘടനയുടെ പേരിൽ പ്രചരിക്കുന്ന ടെലഗ്രാം പോസ്‌റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

By Senior Reporter, Malabar News
bomb blast in Delhi
Representational image
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം നടന്ന സ്‍ഫോടനത്തിന് പിന്നിൽ ഖലിസ്‌ഥാൻ വിഘടനവാദികളെന്ന് സംശയം. ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്‍ഫോടനത്തിന് ഖലിസ്‌ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് കടന്നിരിക്കുന്നത്.

‘ജസ്‌റ്റിസ്‌ ലീഗ് ഇന്ത്യ’ എന്ന സംഘടനയുടെ പേരിൽ പ്രചരിക്കുന്ന ടെലഗ്രാം പോസ്‌റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഖലിസ്‌ഥാൻ അനുകൂല സംഘടനയായ ജസ്‌റ്റിസ്‌ ലീഗിന്റെ പേരിൽ പ്രചരിക്കുന്ന പോസ്‌റ്റിൽ, സ്‍ഫോടനത്തിന്റെ ദൃശ്യത്തിന്റെ സ്‌ക്രീൻ ഷോട്ടിന് താഴെ ‘ഖലിസ്‌ഥാൻ സിന്ദാബാദ്’ എന്നും കുറിച്ചിരുന്നു.

”ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകയ്‌ക്കെടുത്ത് നമ്മുടെ ശബ്‌ദം നിശബ്‌ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വെക്കുന്നവർ വിഡ്‌ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങൾ എത്രത്തോളം അടുത്താണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചടക്കാൻ പ്രാപ്‌തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്”- ഇതാണ് പോസ്‌റ്റിന്റെ പൂർണരൂപം.

ഖലിസ്‌ഥാൻ അനുകൂല ഭീകരവാദ സംഘടനയായ സിഖ് ഫോർ ജസ്‌റ്റിസ്‌ നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ മുൻ റോ ഏജന്റ് വികാഷ് യാദവ് വധിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. സംഭവത്തിൽ വികാഷ് യാദവിനെതിരെ യുഎൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. ഇതിന് പ്രതികാരമായാണോ സ്‌ഫോടനമെന്നും ഡെൽഹി പോലീസ് അന്വേഷിക്കുന്നുണ്ട്.

ഞായറാഴ്‌ച രാവിലെ 7.30നായിരുന്നു സ്‌ഫോടനം. സ്‌കൂളിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാറുകളുടെ ചില്ലുകൾ, സമീപത്തെ ഏതാനും കടകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. റിമോട്ടോ ടൈമറോ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധ്യതയുള്ള ഐഇഡി ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്.

ശനിയാഴ്‌ച രാത്രിയോടെയാണ് ബോംബ് സ്‌ഥാപിച്ചതെന്നാണ് സൂചന. ആളപായം സംഭവിക്കാതിരിക്കാനാണ് ഇത്തരം സ്‌ഥലം തിരഞ്ഞെടുത്തതെന്നും, മുന്നറിയിപ്പ് എന്ന നിലയ്‌ക്കാണ്‌ സ്‌ഫോടനം നടത്തിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫൊറൻസിക് സംഘവും ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിലെ ഉദ്യോഗസ്‌ഥരും സ്‌ഥലത്ത്‌ പരിശോധന തുടരുകയാണ്. എൻഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡെൽഹി പോലീസിനോട് റിപ്പോർട് തേടിയിട്ടുണ്ട്.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE