ന്യൂഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ഡെല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അതിര്‍ത്തികള്‍ അടച്ച് ഡെല്‍ഹിയും ഹരിയാനയും. കൊടും തണുപ്പിനെ വകവെക്കാതെ ഹരിയാനയിലെ കര്‍ണാല്‍ അംബാല, ഹിസാര്‍, സോണിപ്പത്ത് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ റോഡുകളില്‍ അന്തിയുറങ്ങി. രാത്രി വൈകിയും സോണിപ്പത്തില്‍ കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരായ ഡെല്‍ഹി ചലോ മാര്‍ച്ചില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. യു പി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്‌ഥാന്‍, കേരളം, പഞ്ചാബ് തുടങ്ങിയ സംസ്‌ഥാനങ്ങളിലെ കര്‍ഷക സംഘടനകളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. കൊടും തണുപ്പായതിനാല്‍ ഭക്ഷണപദാര്‍ഥങ്ങളും തീകായാനുളള വസ്‌തുക്കളുമടക്കം കൈയ്യില്‍ കരുതിയാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്.
Read Also: നിവാര്‍; 2.27 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, മൂന്ന് മരണം
അതേസമയം ബിഎസ്എഫ് ഉള്‍പ്പടെയുള്ള കേന്ദ്രസേനയെയാണ് ഡെല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകരെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിട്ടുളളത്. ഡെല്‍ഹി മെട്രോ സര്‍വീസുകള്‍ ഇന്നും നഗരാതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കും. സർക്കാർ എത്രയേറെ അടിച്ചമർത്താൻ ശ്രമിച്ചാലും തങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന നിലപാടിലാണ് കർഷകർ.







































