ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് എത്തുകയെന്നതിൽ ചർച്ചകൾ സജീവമാണ്. വനിതാ മുഖ്യമന്ത്രിയെ ബിജെപി രംഗത്തിറക്കുമെന്നാണ് സൂചന. നിലവിൽ രണ്ട് വനിതകളുടെ പേരുകളാണ് സജീവമായി ചർച്ചകളിൽ ഇടം പിടിക്കുന്നത്.
മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും ഷാലിമാർ ബാഗിലെ നിയുക്‌ത എംഎൽയുമായ രേഖ ഗുപ്‌ത, ഗ്രേറ്റർ കൈലാഷിൽ എഎപിയുടെ സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയ ശിഖ റോയി എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ ഉയരുന്നത്. ദ്വിരാഷ്‌ട്ര സന്ദർശനത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെയെത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി ആരെന്നതിൽ അന്തിമ തീരുമാനം ഉണ്ടാവുക.
അതേസമയം, ഈ മാസം 14ന് ശേഷം ബിജെപി ഡെൽഹി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. വനിതാ മുഖ്യമന്ത്രിയെയാണ് പ്രഖ്യാപിക്കുകയെങ്കിൽ, 27 വർഷത്തിന് ശേഷം സുഷമ സ്വരാജിന് പിൻഗാമിയായി ബിജെപിക്ക് മറ്റൊരു വനിത കൂടി വരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സുഷമയ്‌ക്ക് ശേഷം കോൺഗ്രസിന്റെ ഷീല ദീക്ഷിത് 15 വർഷം ഡെൽഹി മുഖ്യമന്ത്രിയായിരുന്നു. അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചതിന് പിന്നാലെ അതിഷിയെ എഎപി മുഖ്യമന്ത്രിയാക്കിയിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ അതിഷി കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി