ന്യൂഡെല്‍ഹി: കനത്തമഴയെ തുടര്‍ന്ന് വന്‍ നാശ നഷ്‌ടങ്ങള്‍ സംഭവിച്ച തെലങ്കാനക്ക് സഹായവുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപയുടെ ധനസഹായമാണ് ഡെല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വെള്ളപ്പൊക്കം മൂലം ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നിരവധി നഗരങ്ങള്‍ക്ക് കനത്ത നാശനഷ്‌ടങ്ങള്‍ സംഭവിച്ചിരുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ ഡെല്‍ഹിയിലെ ജനങ്ങള്‍ തെലങ്കാനയിലെ സഹോദരി സഹോദരന്‍മാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡെല്‍ഹി സര്‍ക്കാര്‍ 15 കോടി രൂപ തെലങ്കാന സര്‍ക്കാരിന് സംഭാവന ചെയ്യുമെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.
Floods have caused havoc in Hyderabad. People of Delhi stand by our brother and sisters in Hyderabad in this hour of crisis.
Delhi govt will donate Rs 15 cr to the Govt of Telangana for its relief efforts.
— Arvind Kejriwal (@ArvindKejriwal) October 20, 2020
തെലങ്കാനയിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്‌ഥാ വകുപ്പ് തിങ്കളാഴ്‌ച അറിയിച്ചിരുന്നു. ഒക്‌ടോബര്‍ 22 വരെ സംസ്‌ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തെലങ്കാനയില്‍ കനത്ത മഴയാണ് പെയ്യുന്നത്. വെള്ളപ്പൊക്കത്തില്‍ മുസി നദിയുടെ തീരത്തുള്ള നിരവധി വീടുകളാണ് വെള്ളത്തിനടിയില്‍ ആയത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്‌ഥാനത്ത് 5000 കോടിയുടെ നാശനഷ്‌ടങ്ങള്‍ ഉണ്ടായതായാണ് കണക്ക്. കൂടാതെ മഴക്കെടുതിയില്‍ ഒരാഴ്‌ചക്കിടെ 33 പേര്‍ മരിച്ചതായും 37,000 പേരെ രക്ഷപ്പെടുത്തിയതായും നഗരവികസന, മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കെ ടി രാമ റാവു പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഹൈദരാബാദിലെയും സംസ്‌ഥാനത്തെ മറ്റ് ചില ജില്ലകളിലെയും വെള്ളപ്പൊക്കം കണക്കിലെടുത്ത് നേരത്തെ തെലങ്കാന സര്‍ക്കാരിന് 10 കോടി രൂപ സഹായധനമായി പ്രഖ്യാപിച്ചിരുന്നു.
Read Also: കാത്തിരിപ്പിന് വിരാമം; ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കമാകും