ന്യൂഡെൽഹി: ഡെൽഹിയിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഈ മാസം 20ന് നടക്കുമെന്ന് സൂചന. രാംലീല മൈതാനത്ത് ചടങ്ങിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. 20ന് വൈകിട്ട് സത്യപ്രതിജ്‌ഞ നടക്കുമെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രി ആരെന്നത് ബിജെപിക്ക് ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണ്.
പാർട്ടി നിയമസഭാ കക്ഷിയോഗം ഇന്നലെ ചേരാനായിരുന്നു ഏറ്റവുമൊടുവിൽ തീരുമാനിച്ചിരുന്നത്. എന്നാൽ, സമയവായമല്ലാത്തതിനാൽ യോഗം നാളേക്ക് മാറ്റി. 20ന് രാവിലെ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചു വൈകിട്ട് തന്നെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്താനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. ഒരുലക്ഷം പേരെ ഉൾക്കൊള്ളുന്ന പന്തലാണ് രാംലീല മൈതാനത്ത് ഒരുങ്ങുന്നത്.
ഡെൽഹിക്ക് പുറമെ ഫരീദാബാദിൽ നിന്നും ഗാസിയാബാദിൽ നിന്നും പ്രവർത്തകരെ എത്തിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിൽ ഭാവി മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാർക്കും സ്‌ഥാനമുണ്ടാകും എന്നാണ് കരുതുന്നത്.
ന്യൂഡെൽഹി മണ്ഡലത്തിൽ കെജ്‌രിവാളിനെ തോൽപ്പിച്ചു വിജയം നേടിയ പർവേശ് വർമയാണ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രധാനി. മുൻ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്‌തയുടെ പേരും പാർട്ടി ഉയർത്തിക്കാണിക്കുന്നുണ്ട്. വനിതാ മുഖ്യമന്ത്രിയാണെങ്കിൽ രേഖ ഗുപ്‌ത, ശിഖ റോയ് എന്നിവരിൽ ഒരാൾക്ക് നറുക്ക് വീണേക്കാം.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ








































