ന്യൂഡെൽഹി: ഇന്ന് പുലർച്ചെ പെയ്‌ത അപ്രതീക്ഷിത മഴയിൽ മുങ്ങി ഡെൽഹി നഗരം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ലജ്‌പത് നഗർ, ആർകെ പുറം, ദ്വാരക എന്നിവയുൾപ്പടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നാലുപേർ മരിച്ചതായാണ് വിവരം.
പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. നിലവിൽ വിമാനങ്ങൾ 46 മിനിറ്റ് വൈകിയെത്തുകയും 54 മിനിറ്റ് വൈകി പുറപ്പെടുകയുമാണ് ചെയ്യുന്നത്. 100 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നുവെന്നാണ് റിപ്പോർട്. 40 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അതത് എയർലൈനുമായി ബന്ധപ്പെട്ട ശേഷം മാത്രം യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് ഡെൽഹി വിമാനത്താവളം അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഡെൽഹിയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്‌ച വരെ ഡെൽഹിയിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ 70-80 കിലോമീറ്റർ വേഗതയിൽ ശക്‌തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
മഴ ശമിക്കുന്നതുവരെ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്‌തമായ കാറ്റിൽ മരങ്ങൾ വീണ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Most Read| നിയന്ത്രണരേഖയിൽ വീണ്ടും പാക്ക് വെടിവയ്‌പ്പ്; തിരിച്ചടിച്ച് ഇന്ത്യ







































