ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രജീന്ദർ നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാർഥികൾ മരിച്ച കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മലയാളിയായ നെവിൽ ഡാൽവിൻ ഉൾപ്പടെ മൂന്ന് വിദ്യാർഥികളാണ് മുങ്ങിമരിച്ചത്.
കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പോലീസിനെ നിശിതമായി വിമർശിച്ച കോടതി, സർക്കാർ ഉദ്യോഗസ്‌ഥരുടെ അഴിമതി അപകടത്തിന് കാരണമായിട്ടുണ്ടെന്നും കേസിന്റെ ഗൗരവം പരിഗണിച്ചു സിബിഐയെ ഏൽപ്പിക്കുകയും ആണെന്നാണ് ഉത്തരവിട്ടത്. കഴിഞ്ഞ മാസം 27നാണ് സംഭവം നടന്നത്.
കാലടി സ്വദേശിയായ നെവിൻ, ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയാണ്. റിട്ട. ഡിവൈഎസ്‌പി ഡെൽവിൻ സുരേഷിന്റെയും കാലടി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ജ്യോഗ്രഫി വകുപ്പ് മുൻ മേധാവിയുമായ ഡോ. ടിഎസ് ലാൻസ്‌ലെറ്റിന്റേയുംമകനാണ്. നെവിന് പുറമെ ടാനിയ സോണി (25), ശ്രേയ യാദവ് (25) എന്നീ വിദ്യാർഥിനികളാണ് മരിച്ചത്. മൂവരും സിവിൽ സർവീസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനാണ് ലൈബ്രറിയിൽ എത്തിയത്.
രക്ഷാദൗത്യം ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടികളുടെ മൃതദേഹം ലഭിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് നെവിന്റെ മൃതദേഹം കണ്ടെടുത്തതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം ഗജേന്ദ്ര നഗറിലെ ബഡാ ബസാർ 11 ബിയിലെ റാവൂസ് ഐഎഎസ് സ്‌റ്റഡി സെന്ററിലാണ് അപകടം നടന്നത്. 150 പേർക്ക് ഇരിക്കാൻ കഴിയുന്ന ലൈബ്രറിയാണ് ബേസ്‌മെന്റിൽ ഉണ്ടായിരുന്നത്.
ഇവിടെ സംഭവം നടന്ന സമയത്ത് നിരവധി വിദ്യാർഥികൾ ഉണ്ടായിരുന്നു. കോച്ചിങ് സെന്ററിന്റെ സമീപത്തായി ഓടയുണ്ടായിരുന്നെന്നും ഇത് നിറഞ്ഞു കവിഞ്ഞു വെള്ളം ഇരച്ചുകയറിയതാണ് അപകട കാരണമെന്നുമാണ് വിവരം. ഇടുങ്ങിയ വഴി ആയതിനാൽ കുട്ടികൾ അകത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം