ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെടുത്തു. വീടിന് തീപിടിത്തമുണ്ടായപ്പോൾ എത്തിയ അഗ്നിശമന സേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തിരമായി കൊളീജിയം വിളിച്ചു ചേർത്തു.
യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ കൊളീജിയം ശുപാർശ ചെയ്തു. ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ യശ്വന്ത് വർമയോട് രാജിവെക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കണമെന്ന് കൊളീജിയത്തിലെ അംഗങ്ങൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടികളുണ്ട്. സംഭവത്തിൽ യശ്വന്ത് വർമ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തീപിടിത്തം ഉണ്ടായ സമയത്ത് വർമ വീട്ടിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കുടുബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അഗ്നിശമന സേന വീട്ടിലെത്തി തീ അണച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി സേനയും പോലീസും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിനിടെയാണ് ഒരു മുറിയിൽ നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്ത പണമാണെന്ന് സ്ഥിരീകരിച്ചു.
Most Read| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം








































