ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി ഡെൽഹി ഹൈക്കോടതി. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും ഡെൽഹി ഹൈക്കോടതി കുറിപ്പിലൂടെ അറിയിച്ചു.
അതിനിടെ, ജഡ്‌ജിയുടെ വീട്ടിൽ നിന്ന് ഡെൽഹി പോലീസ് പകർത്തി ഡെൽഹി ചീഫ് ജസ്‌റ്റിസിന് കൈമാറിയ വീഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്‌നിരക്ഷാ സേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്‌തമായി കാണാം.
ജസ്‌റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തം ഉണ്ടായതെയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ഫയർഫോഴ്‌സ് സംഘം കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന് വിവരം വന്നെങ്കിലും ഡെൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് ഇത് പിന്നീട് നിഷേധിച്ചു. തീകെടുത്തിയ ശേഷം സ്‌ഥലം പോലീസ് ഏറ്റെടുത്തെന്നാണ് അതുൽ ഗാർഗ് പറഞ്ഞത്.
എത്ര രൂപയുണ്ടെന്നതിന് ഔദ്യോഗിക സ്‌ഥിരീകരണമില്ലെങ്കിലും ജസ്‌റ്റിസ് വർമയെ അലഹബാദിലേക്ക് മാറ്റുന്നുവെന്ന തരത്തിൽ വാർത്ത വന്നപ്പോൾത്തന്നെ സ്‌ഥലം മാറ്റത്തിൽ പ്രതിഷേധിച്ചു അവിടുത്തെ ഹൈക്കോടതി ബാർ അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ 15 കോടിയോളം രൂപ കണ്ടെത്തിയെന്നാണ് പറയുന്നത്.
മാർച്ച് 14നാണ് ജഡ്‌ജിയുടെ വീട്ടിൽ തീപിടിച്ചത്. രാത്രി 11.43ന് അഗ്‌നിരക്ഷാ സേന എത്തി. തീപിടിച്ച ചാക്കുകൾക്കിടയിൽ കറൻസി നോട്ടുകൾ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നാണ് വിവരം നശിച്ച സാധനങ്ങളിൽ കോടതിയുമായി ബന്ധപ്പെട്ട രേഖകളും സ്‌റ്റേഷനറിയും ഉണ്ടായിരുന്നതായി ജസ്‌റ്റിസ് വർമയുടെ ജീവനക്കാരൻ അറിയിച്ചു.
തീപിടിത്തത്തിൽ ആർക്കും പരിക്കേൽക്കാതിരുന്നതിനാൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടില്ല. എന്നാൽ, കറൻസി നോട്ടുകൾ കിടക്കുന്നതിന്റെ വീഡിയോ റെക്കോർഡ് ചെയ്‌ത് ഡെൽഹി പോലീസിലെ മുതിർന്ന ഉദ്യോഗസ്‌ഥർക്ക് അയച്ചു കൊടുത്തിരുന്നു. അവർ സർക്കാറിനെയും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനെയും വിവരം അറിയിച്ചു. സംഭവത്തിൽ ചീഫ് ജസ്‌റ്റിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ; സംസ്‌ഥാന അധ്യക്ഷനായി അധികാരമേറ്റു