ന്യൂഡെൽഹി: ഡെൽഹി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും. വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും, മുൻ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഇന്ന് ഹാജരാകാമെന്ന് കവിത ഇഡിയെ അറിയിക്കുക ആയിരുന്നു. അതേസമയം, കവിതയെ ഇഡി അറസ്റ്റ് ചെയ്തേക്കാമെങ്കിലും അതുകൊണ്ട് ബിആർഎസിന്റെ മനോവീര്യം തകർക്കാൻ സാധിക്കില്ലെന്ന് കെ ചന്ദ്രശേഖർ റാവു പ്രതികരിച്ചു.
അറസ്റ്റ് ഉണ്ടായാൽ ബിആർഎസ് നേതാക്കളും പ്രവർത്തകരും ഡെൽഹിയിലെത്തി പ്രതിഷേധിക്കുമെന്നും പാർട്ടിയെ വരുതിയിലാക്കാനുള്ള ബിജെപി നീക്കം അംഗീകരിക്കില്ലെന്നും കെസിആർ പറഞ്ഞു. സഹോദരനും മന്ത്രിയുമായ കെടി രാമറാവു ഇഡി ഓഫീസിലേക്ക് കവിതയെ അനുഗമിക്കും. രാവിലെ 11 മണിക്കാണ് കവിത ഡെൽഹി ഇഡി ഓഫീസിൽ ഹാജരാവുക. നേരത്തെ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളക്ക് ഒപ്പമാണ് കവിതയെ ചോദ്യം ചെയ്യുക.
അതേസമയം, കേസിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി ഇന്നും വീണ്ടും ചോദ്യം ചെയ്യും. മനീഷ് സിസോദിയ അടക്കമുള്ളവർക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഇഡി കോടതിയിൽ ഉന്നയിച്ചത്. സിസോദിയയും കവിതയും തമ്മിൽ രാഷ്ട്രീയ ധാരണ ഉണ്ടായിരുന്നുവെന്ന് കവിതയുടെ മുൻ ഓഡിറ്റർ മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു.
കേസിൽ, മനീഷ് സിസോദിയയെ ഇന്നലെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. സിസോദിയയുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെ ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിച്ചത്. ഡെൽഹി മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ അഴിമതി ആരംഭിച്ചു. സിസോദിയ ഒരു വർഷത്തിനിടെ 14 മൊബൈൽ ഫോണുകൾ ഉപയോഗിച്ചു. മറ്റുള്ളവരുടെ പേരിലുള്ള മൊബൈൽ ഫോണുകളും സിം കാർഡുകളുമാണ് സിസോദിയ ഉപയോഗിച്ചതെന്നും ഇഡി വാദിച്ചു.
Most Read: ബ്രഹ്മപുരം തീപിടിത്തം; നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും








































