ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ഡെൽഹി രാജ്ഭവനിൽ നടന്ന ചടങ്ങിൽ അതിഷിക്ക് പുറമെ, ഗോപാൽ റായി, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു.
കെജ്‌രിവാൾ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഗോപാൽ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവരെ നിലനിർത്തിക്കൊണ്ടാണ് മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാർ അഹ്‌ലാവത് പുതുമുഖമാണ്. കെജ്‌രിവാൾ മന്ത്രിസഭയിൽ ഏഴ് പേരായിരുന്നെങ്കിൽ അതിഷി മന്ത്രിസഭയിൽ ആറ് പേരേയുള്ളൂ.
മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഡെൽഹിയിൽ ആംആദ്‌മിയുടെ ഉറച്ച ശബ്‌ദമായ അതിഷിയല്ലാതെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് കെജ്‌രിവാളിന് മുന്നിൽ മറ്റൊരു പേരുണ്ടായിരുന്നില്ല. എഎപി രാഷ്‌ട്രീയകാര്യ സമിതിയിൽ കെജ്‌രിവാൾ അതിഷിയുടെ പേർ നിർദ്ദേശിച്ചു. മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവർ പിന്തുണച്ചതോടെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് അതിഷിയെത്തി.
കെജ്‌രിവാൾ ജയിലിൽ അടയ്‌ക്കപെട്ട സമയത്ത് ബിജെപിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉയർത്തിയ നേതാവാണ് അതിഷി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡെൽഹി ഈസ്‌റ്റ് മണ്ഡലത്തിൽ നിന്ന് ഗൗതം ഗംഭീറിനെതിരെയായിരുന്നു അതിഷിയുടെ ആദ്യ രാഷ്‌ട്രീയ പോരാട്ടം. 4.77 ലക്ഷം വോട്ടുകൾക്ക് ഗൗതം ഗംഭീറിനോട് പരാജയപ്പെട്ടെങ്കിലും 2020ൽ ശക്‌തമായ തിരിച്ചുവരവാണ് അതിഷി നടത്തിയത്.
സൗത്ത് ഡെൽഹിയിലെ കൽകാജി മണ്ഡലത്തിൽ നിന്ന് ബിജെപി സ്‌ഥാനാർഥിയെ പരാജയപ്പെടുത്തി, അതിഷി ആദ്യമായി ഡെൽഹി നിയമസഭയിലെത്തി. ഈ തിരഞ്ഞെടുപ്പിന് ശേഷം എഎപിയുടെ ഗോവ ഘടകത്തിന്റെ ചുമതലക്കാരിയായും അതിഷിയെ പാർട്ടി നിയോഗിച്ചു. മദ്യനയ അഴിമതിയാരോപണ കൊടുങ്കാറ്റിൽ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും എഎപി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതോടെയാണ് അതിഷിയെ തേടി മന്ത്രിപദവിയെത്തിയത്.
Most Read| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന