ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. പ്രതികൾക്കെതിരെ ശക്‌തമായ തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റു അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.
മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്‌മാൻ, അക്‌തർ ഖാൻ, മീരാൻ സാഹിബ്, ശദാബ് അബ്‌ദുൽ അഹമ്മദ് ഖാലിദ് സെഫി, ഗുൽഷിഫ ഫാത്തിമ എന്നിവർക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്‌റ്റിസുമാരായ അരവിന്ദ് കുമാറും എൻവി അഞ്‌ജാരിയയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ ഡെൽഹി ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നത്. എന്നാൽ, പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്‌ട്യാ ഗൗരവമുള്ളതാണെന്നും യുഎപിഎ നിയമപ്രകാരമുള്ള കർശന വ്യവസ്‌ഥകൾ ഈ സാഹചര്യത്തിൽ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. അഞ്ചുവർഷത്തിലേറെയായി ഉമർ ഖാലിദ് ജയിലിൽ തുടരുകയാണ്.
വിചാരണ വൈകുന്നത് പരിഗണിച്ച് ജാമ്യം നൽകണമെന്ന വാദമാണ് കോടതി തള്ളിയത്. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡെൽഹി പോലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്‌റ്റ് ചെയ്‌ത് യുഎപിഎ ചുമത്തിയത്.
ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതൽ കോടതിയിലാണ്. ഡെൽഹി കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അറസ്‌റ്റിലായ പ്രതികൾ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണ് പോലീസ് ആരോപിക്കുന്നത്.
Most Read| ‘അനുസരില്ലെങ്കിൽ വലിയ വില നിൽക്കേണ്ടി വരും’; ഡെൽസി റോഡ്രിഗസിന് ട്രംപിന്റെ ഭീഷണി








































