ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിലെ അനുബന്ധ കുറ്റപത്രത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേരും. കലാപ സമയത്ത് പോലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപം ഉയർത്തി വാർത്താ സമ്മേളനം നടത്താൻ സിസോദിയ ആവശ്യപ്പെട്ടെന്നാണ് ഡെൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സിനിമാ പ്രവർത്തകൻ രാഹുൽ റോയി ഇട്ട സന്ദേശം അടിസ്‌ഥാനപ്പെടുത്തിയാണ് പോലീസിന്റെ പരാമർശം. പോലീസിന് നേരെയുള്ള ഗൂഢാലോചനയാണ് ഇതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഇന്നലെയാണ് പോലീസ് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഡെൽഹി കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് കുറ്റപത്രങ്ങൾ പോലീസ് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കുറ്റപത്രവും സമർപ്പിച്ചത്. ജെഎൻയു വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർക്ക് എതിരെയും 930 പേജ് വരുന്ന കുറ്റപത്രത്തിൽ പരാമർശമുണ്ട്. ഉമർ ഖാലിദിന്റെ നിരീശ്വരവാദം വെറും മുഖംമൂടി മാത്രമാണെന്നും തീവ്ര മുസ്‌ലിം നിലപാടിൽ വിശ്വസിക്കുന്ന വ്യക്‌തിയാണ് ഖാലിദെന്നും കുറ്റപത്രത്തിൽ ഡെൽഹി പോലീസ് ആരോപിക്കുന്നു.
അതേസമയം, ഷർജീൽ ഇമാമിനെ പ്രഹരശേഷിയുള്ള സൂത്രധാരനെന്നാണ് ഡെൽഹി പോലീസ് വിശേഷിപ്പിച്ചത്. ഷർജീലിന്റെ മതഭ്രാന്തും അക്കാദമിക് മികവുമാണ് ഉമർ ഖാലിദ് ചൂഷണം ചെയ്യുന്നതെന്നും കുറ്റപത്രത്തിൽ പോലീസ് ആരോപിച്ചു.
അക്രമ രാഷ്‌ട്രീയത്തെ കൂട്ടുപിടിച്ച് മുസ്‌ലിം രാഷ്‌ട്ര നിർമ്മാണത്തിന് ശ്രമിച്ചു, മുസ്‌ലിം ആഭിമുഖ്യ ഗ്രൂപ്പുകൾ, തീവ്ര സംഘടനകൾ, ഇടത് അരാജകവാദികൾ എന്നിവരെ കൂട്ടുപിടിച്ച് കലാപത്തിന് ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളും ഖാലിദിന് നേരെ പോലീസ് ആരോപിക്കുന്നുണ്ട്.
Kerala News: പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല