ന്യൂഡെൽഹി: ഡെൽഹിയിലും സമീപ പ്രദേശങ്ങളിലുമായി തുടർച്ചയായ ഒമ്പതാം ദിവസവും കനത്ത മൂടൽമഞ്ഞും വിശപ്പുകയും അതീവ ഗുരുതരമായ സാഹചര്യത്തിൽ തുടരുന്നു. വെള്ളിയാഴ്‌ച ഡെൽഹിയിലെ വായുനിലവാരം, ഗുണനിലവാര സൂചികയുടെ ‘അതീവ ഗുരുതരം’ വിഭാഗത്തിലേക്ക് നീങ്ങുകയും വിമാന സർവീസുകളെ സാരമായി ബാധിക്കുകയും ചെയ്‌തു.
പുകമഞ്ഞ് കനത്തതോടെ 700-ലധികം വിമാന സർവീസുകളെ ബാധിക്കപ്പെട്ടു. രണ്ട് അന്താരാഷ്‌ട്ര വിമാനങ്ങൾ ഉൾപ്പടെ 177-ലധികം സർവീസുകൾ റദ്ദാക്കപ്പെട്ടു. ശനിയാഴ്‌ച പുലർച്ചെയും കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട് പുറപ്പെടുവിച്ചിട്ടുണ്ട്. വായു ഗുണനിലവാര സൂചിക 400 കടക്കുമെന്നാണ് മുന്നറിയിപ്പ്.
ഡെൽഹി വിമാനത്താവളം യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാർ അതത് എയർലൈനുകളിലായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം കൃത്യമായി മനസിലാക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് ഭക്ഷണവും റീബുക്കിങ് സൗകര്യങ്ങളും ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തുടർച്ചയായ ഒമ്പതാം ദിവസമാണ് ഡെൽഹിയിലെ വായുനിലവാരം ഇത്രയും മോശമായി തുടരുന്നത്. കഴിഞ്ഞ എട്ടുവർഷത്തിനിടയിലെ ഏറ്റവും മലിനമായ ഡിസംബറാണ് കടന്നുപോകുന്നതെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു. വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണത്തിന് പ്രധാന കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ഇതിന്റെ തോത് ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
നിലവിലെ നിയന്ത്രണ നടപടികൾ പരാജയമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, മലിനീകരണം തടയാൻ ശാശ്വതമായ പരിഷ്‌കാരങ്ങൾ വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നഗരങ്ങളിലെ ഗതാഗതം, വ്യവസായങ്ങളിൽ നിന്നുള്ള മലിനീകരണം, വൈക്കോൽ കത്തിക്കൽ എന്നിവയിൽ കേന്ദ്രീകൃതമായ നടപടികൾ വേണമെന്ന് കോടതി നിർദ്ദേശിച്ചു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ വേണമെന്നും കോടതി വ്യക്‌തമാക്കി.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































