കണ്ണൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ. ആറളം, ചെമ്പിലോട്, പയ്യാവൂർ, ചെറുപുഴ, അഞ്ചരക്കണ്ടി എന്നീ മേഖലകളിലാണ് നിലവിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ രോഗവ്യാപനം ഒഴിവാക്കുന്നതിനായി പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും ഡിഎംഒ വ്യക്‌തമാക്കി.
കാലാവസ്‌ഥാമാറ്റങ്ങൾ, അലക്ഷ്യമായി മാലിന്യം വലിച്ചെറിയൽ, മഴ, കൊതുകിന്റെ പ്രജനന കേന്ദ്രങ്ങളിലുണ്ടായിട്ടുള്ള വർധന, രൂക്ഷമാകുന്ന മാലിന്യ പ്രശ്‌നങ്ങൾ, മാലിന്യ സംസ്‌കരണത്തിന് ശാസ്‌ത്രീയമായ സംവിധാനമില്ലായ്‌മ തുടങ്ങിയ കാരണങ്ങളാണ് ഇപ്പോൾ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാക്കുന്നത്. അതിനാൽ തന്നെ രോഗവ്യാപനം ഒഴിവാക്കാനായി പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് കൊതുകുകളാണ്. കൊതുകുകൾ പെരുകാൻ അവസരം ഉണ്ടാക്കുന്ന ഉറവിടങ്ങൾ നശിപ്പിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടാതെ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ചികിൽസ തേടേണ്ടതും അനിവാര്യമാണ്. പെട്ടെന്നുള്ള പനി, കഠിനമായ തലവേദന, കണ്ണുകൾക്കു പിറകിൽ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
Read also : എലത്തൂർ ഗേറ്റിന് താഴിടാനുള്ള നീക്കം റെയിൽവേ വീണ്ടും ആരംഭിച്ചു







































