കോഴിക്കോട്: വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ കുടുംബം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ബസിനുള്ളിൽ വെച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്‌പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സാമൂഹിക മാദ്ധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്.
അപമാനകരമായ രീതിയിൽ വീഡിയോ സാമൂഹിക മാദ്ധ്യമത്തിൽ പ്രചരിപ്പിച്ച യുവതിക്കെതിരെ നിയമനടപടി തേടിയാണ് ദീപക്കിന്റെ മാതാവിന്റെ പേരിൽ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. ദീപക്കിന്റെ വീട്ടിലെത്തിയ പോലീസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് കുടുംബം പരാതി നൽകിയത്.
സാമൂഹിക മാദ്ധ്യമത്തിൽ പ്രതിഷേധം വ്യാപിച്ചതോടെ ദീപക്കിനെതിരെ പരാതി ഉന്നയിച്ച യുവതി സ്വന്തം സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്‌തു. അതിനിടെ, യുവതിക്കെതിരായ കേസ് നടത്തിപ്പിൽ എല്ലാ പിന്തുണയും നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡണ്ട് വട്ടിയൂർക്കാവ് അജിത് കുമാർ ദീപക്കിന്റെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം അറിയിച്ചു.
അതേസമയം, യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട് ഒരാഴ്‌ചയ്‌ക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്‌റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക് (42) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട്ടെ ഒരു വസ്‌ത്രശാലയിൽ പ്രവർത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്‌ച സ്‌ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കണ്ണൂരിൽ പോയിരുന്നു.
ഈ സമയം ബസിൽ വെച്ച് അപമര്യാദയായി പെരുമാറി എന്നുകാട്ടിയാണ് യുവതി റീൽസ് ചിത്രീകരിച്ച് ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ് ചെയ്‌തത്. ഇത്തരത്തിൽ വീഡിയോ പ്രചരിക്കുന്ന വിവരം മറ്റുള്ളവരിൽ നിന്നാണ് ദീപക് അറിഞ്ഞത്. ഇതോടെ ദീപക് ഏറെ വിഷമത്തിലായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പിന്നാലെയിരുന്നു ആത്‍മഹത്യ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read| ‘പാക്കിസ്‌ഥാനെ പിന്തുണയ്‌ക്കുന്നത് നിർത്തണം’; പോളണ്ടിന് കർശന മുന്നറിയിപ്പുമായി ഇന്ത്യ





































