ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ ട്രിച്ചി-ഷാർജ വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്തിലെ സാങ്കേതിക തകരാർ ഡിജിസിഎ ഉദ്യോഗസ്‌ഥർ പരിശോധിക്കുകയാണ്. 15 വർഷത്തോളം പഴക്കമുള്ള വിമാനത്തിന് മുൻപ് രണ്ടുതവണ സമാന പ്രശ്‌നം റിപ്പോർട് ചെയ്‌തിട്ടുണ്ട്.
സംഭവത്തിൽ, എയർ ഇന്ത്യ വിമാന കമ്പനിയിൽ നിന്നും ഡിജിസിഎ വിശദീകരണം തേടി. മുതിർന്ന ഡിജിസിഎ ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തും. എയർ ഇന്ത്യയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷമാണ് എയർ ഇന്ത്യയുടെ ട്രിച്ചി-ഷാർജ വിമാനം രാത്രി 8.15ന് തിരുച്ചിറപ്പള്ളിയിൽ തിരിച്ചിറക്കിയത്.
8.20ന് ഷാർജയിൽ ഇറങ്ങേണ്ട വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന 141 പേരും സുരക്ഷിതരായിരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവാണ് സാങ്കേതിക തടസത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിലെ ഇന്ധനം കുറയ്‌ക്കാൻ വേണ്ടിയാണ് രണ്ടര മണിക്കൂർ ആകാശത്ത് വട്ടമിട്ട് പറന്നത്. യാത്രക്കാരിൽ അധികവും തമിഴ്‌നാട് സ്വദേശികളായിരുന്നു.
Most Read| സംസ്‌ഥാനത്ത് തുലാമഴ ശക്‌തം; ഇന്ന് ആറുജില്ലകളിൽ യെല്ലോ അലർട്