മുംബൈ: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്‌ചാത്തലത്തിൽ മൂന്ന് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കാൻ എയർ ഇന്ത്യയോട് നിർദ്ദേശിച്ച് സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ (ഡിജിസിഎ). ഡിവിഷണൽ വൈസ് പ്രസിഡണ്ട് ഉൾപ്പടെ മൂന്ന് മുതിർന്ന ഉദ്യോഗസ്‌ഥരെ ഉടൻ തന്നെ ജോലിയിൽ നിന്ന് മാറ്റിനിർത്താനാണ് നിർദ്ദേശം.
അപകടത്തിന്റെ പശ്‌ചാത്തലത്തിൽ ഇവർക്കെതിരെയുള്ള അഭ്യന്തര നടപടികൾ വേഗത്തിലാക്കാനും ഉത്തരവിൽ പറയുന്നുണ്ട്. പുതിയ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇക്കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ജീവനക്കാരുടെ വിശ്രമം, ലൈസൻസിങ് എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരമായി ഗുരുതര പ്രശ്‌നങ്ങൾ എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കെതിരെ കർശന അച്ചടക്ക നടപടി എടുക്കാത്തത് ആശങ്ക ഉണ്ടാക്കുന്നതാണ്. ഭാവിയിൽ ഇത്തരം വീഴ്‌ചകൾക്കെതിരെ കർശനമായ നടപടികൾ എടുക്കുന്നതായിരിക്കുമെന്നും എയർ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നൽകി.
ഈ മാസം 12നാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നു വീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്.
ഹോസ്‌റ്റൽ കെട്ടിടം പൂർണമായി കത്തി നശിച്ചിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരടക്കം 270 പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പൂർണമായും തകരുകയും ചെയ്‌തിരുന്നു. എയർ ഇന്ത്യയുടെ ബോയിങ് 787-8, 787-9 വിമാനങ്ങളുടെ സുരക്ഷാ പരിശോധനകൾ വർധിപ്പിക്കാൻ ഡിജിസിഎ നേരത്തെ ഉത്തരവിട്ടിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ