തിരുവനന്തപുരം: പുതിയ പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള പട്ടിക തയ്യാറാക്കി കേന്ദ്രം. ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മീഷണർ നിധിൻ അഗർവാൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌ത എന്നിവരാണ് മൂന്നംഗ പട്ടികയിൽ ഇടംപിടിച്ചത്.
അതേസമയം, സംസ്‌ഥാനം നൽകിയ പട്ടികയിൽ ഉണ്ടായിരുന്ന വിജിലൻസ് ഡയറക്‌ടർ മനോജ് ഏബ്രഹാം, ബറ്റാലിയൻ എഡിജിപി എംആർ അജിത്കുമാർ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പിജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിത് എന്നിവരെ കേന്ദ്രം പരിഗണിച്ചില്ല.
പട്ടികയിൽ എഡിജിപിമാരെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും അത് അംഗീകരിക്കാൻ സംസ്‌ഥാനം കൂട്ടാക്കിയിരുന്നില്ല. കേന്ദ്രം നൽകിയ മൂന്നംഗ പട്ടികയിൽ നിന്ന് ഒരാളെ ഇനി പുതിയ പോലീസ് മേധാവിയായി മുഖ്യമന്ത്രി നിയമിക്കണം. ഡെൽഹിയിൽ യുപിഎസ്‌സി ആസ്‌ഥാനത്ത് ചേർന്ന യോഗത്തിലാണ് മൂന്നംഗ പട്ടിക തയ്യാറാക്കിയത്.
ചീഫ് സെക്രട്ടറി എ ജയതിലക്, സംസ്‌ഥാന പോലീസ് മേധാവി ഡോ. എസ് ദർവേഷ് സാഹിബുമാണ് പങ്കെടുത്തത്. മൂന്നുപേരുടെ ചുരുക്കപ്പട്ടിക മുഖ്യമന്ത്രിക്ക് കൈമാറാൻ ചീഫ് സെക്രട്ടറിയുടെ പക്കൽ കൊടുക്കുകയാണ് പതിവ്. സാധാരണ പട്ടിക മന്ത്രിസഭ ചർച്ച ചെയ്‌ത ശേഷമാണ് പുതിയ പോലീസ് മേധാവിയെ പ്രഖ്യാപിക്കുക.
എന്നാൽ, ദർവേഷ് സാഹിബ് 30ന് വിരമിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്ത് പ്രഖ്യാപിക്കുകയാകും ചെയ്യുക. ദർവേഷ് സാഹിബ് വിരമിക്കുന്ന ചടങ്ങിൽ തന്നെ പുതിയ പോലീസ് മേധാവിക്ക് അധികാരം കൈമാറും.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!