തിരുവനന്തപുരം: ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രം ആരംഭിക്കുക. സംസ്‌ഥാനത്തിന്റെ പലഭാഗങ്ങളിൽ പോലീസിനായി പണികഴിപ്പിച്ചതും നിർമിച്ചതുമായ കെട്ടിടങ്ങൾ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരലിൽ എണ്ണാവുന്ന പോലീസ് സ്‌റ്റേഷനുകൾക്ക് മാത്രമാണ് സ്വന്തമായി കെട്ടിടമില്ലാത്തത്. അവ എത്രയും പെട്ടെന്ന് നിർമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്‌ഡൗൺ കാലത്താണ് ഓൺലൈൻ ഗെയിമിങ് കൂടുതൽ പ്രചാരം നേടിയത്. സ്‌കൂൾ വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെ വ്യാപകമായി ഫ്രീ ഫയർ പോലെയുള്ള ഗെയിമുകൾ കളിക്കുന്നു.
മക്കളുടെ ഓൺലൈൻ കളി മൂലം വൻ സാമ്പത്തിക നഷ്‌ടമാണ് മാതാപിതാക്കൾക്ക് പലപ്പോഴും ഉണ്ടാവുക. ഓൺലൈൻ ഗെയിമിലൂടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ നഷ്‌ടപ്പെട്ട വാർത്തകൾ നിരന്തരം നാം കാണാറുള്ളതാണ്. ഫ്രീ ഫയർ പോലെയുള്ള ഗെയിമുകളിൽ സ്‌കോർ കൂട്ടാനായി ഉപകരണങ്ങൾ വാങ്ങാനാണ് കുട്ടികൾ പലപ്പോഴും പണം ചെലവഴിക്കുക. റീചാർജ് ചെയ്‌ത് പണം നഷ്‌ടമാവുന്നവരുടെ എണ്ണവും കുറവല്ല. ഇങ്ങനെയുള്ള പരാതികൾ വർധിച്ചതോടെയാണ് ഡി അഡിക്ഷൻ സെന്റർ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
Also Read: നേവിസിന്റെ ഹൃദയം കോഴിക്കോട് എത്തിച്ചു; ശസ്‌ത്രക്രിയ പുരോഗമിക്കുന്നു







































