എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ. രഹസ്യ വിചാരണയെന്ന നിർദ്ദേശം ലംഘിക്കുന്ന തരത്തിലാണ് മാദ്ധ്യമങ്ങളിൽ വാർത്തകൾ വരുന്നതെന്നും ദിലീപ് ഹരജിയിൽ ആരോപണം ഉന്നയിച്ചു.
വിചാരണ കോടതിയിലെ നടപടികൾ പൂർത്തിയാകുന്നത് വരെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നാണ് ദിലീപ് ആവശ്യമുന്നയിക്കുന്നത്. കൂടാതെ രഹസ്യ വിചാരണയെന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
അടച്ചിട്ട കോടതി മുറിയിൽ വിചാരണ നടത്തണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചത് ദിലീപിന്റെ അഭിഭാഷകൻ ആയിരുന്നു. തുറന്ന കോടതിയിൽ വിചാരണ നടക്കുന്നത് ആക്രമണത്തിന് ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ പ്രോസിക്യൂഷനും ഈ ആവശ്യം അംഗീകരിച്ചു. നിലവിൽ മാദ്ധ്യമങ്ങളിലൂടെ വരുന്ന വാർത്തകളിലൂടെ തനിക്കെതിരെ ജനവികാരം സൃഷ്‌ടിക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നതായും ഹരജിയിൽ ദിലീപ് ആരോപിക്കുന്നുണ്ട്.
Read also: അബുദാബിയിൽ സ്‌ഫോടനം; ഇന്ത്യക്കാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു






































