പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിൽ സർക്കാർ അപ്പീൽ പോവുന്നത് വേറെ ജോലിയില്ലാത്തത് കൊണ്ടാണെന്നും അടൂർ പ്രകാശ് പരിഹസിച്ചു.
എന്ത് കിട്ടിയാലും ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും ഉപദ്രവിക്കാൻ കഴിയും എന്ന് നോക്കിക്കാണുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നും അടൂർ പ്രകാശ് വിമർശിച്ചു. നടി എന്ന നിലയിൽ കുട്ടിയോട് ഒപ്പമാണ് ഞങ്ങൾ എന്ന് പറയുമ്പോഴും, നീതി എല്ലാവർക്കും കിട്ടണം.
ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്നായി എനിക്ക് വ്യക്തിപരമായി പറയാനുള്ളത്. കലാകാരൻ എന്നുമാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തികൂടിയെന്ന നിലയ്ക്കാണ് ഇക്കാര്യം പറയുന്നതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
അതേസമയം, അടൂർ പ്രകാശിന്റെ പ്രതികരണത്തിനെതിരെ മന്ത്രി വീണാ ജോർജ് രംഗത്തെത്തി. ഈ പറഞ്ഞ നേതാവിന്റെയും നേതാവ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധമായ നിലപാടാണ് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നത്, അവൾക്കൊപ്പമാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു.
Most Read| ‘ഇന്ത്യയുടെ അരി ഞങ്ങൾക്ക് വേണ്ട’; പുതിയ തീരുവ ഭീഷണിയുമായി ട്രംപ്







































