എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ക്രൈം ബ്രാഞ്ച് തയ്യാറാക്കുന്നത്. ആലുവ പോലീസ് ക്ളബ്ബിൽ വച്ചാണ് ചോദ്യം ചെയ്യൽ.
എസ്‌പി സോജന്റെയും ഡിവൈഎസ്‌പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ദിലീപിനെ നാളെ ചോദ്യം ചെയ്യുക. അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അതേസമയം, ദിലീപിന്റെ ഫോണിലെ ഫൊറന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്‌ത്രീയ പരിശോധനയിലൂടെ സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. വാട്‍സ്ആപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്. കൂടാതെ ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുക്കുകയും ചെയ്‌തു. ഇക്കാര്യത്തിൽ സ്‌ഥിരീകരണം ഉണ്ടായതോടെ കേസിൽ വന്‍ വഴിത്തിരിവുകള്‍ ഉണ്ടായേക്കും.
Read also: ലക്ഷദ്വീപിലെ താൽകാലിക ഷെഡുകൾ പൊളിക്കൽ; ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ







































