കൊച്ചി: ലക്ഷദ്വീപിൽ താൽകാലികമായി കെട്ടിയ ഷെഡുകൾ സുരക്ഷാ ഭീഷണിയുടെ പേരിൽ പൊളിച്ചുമാറ്റാനുള്ള കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആൾതാമസമില്ലാത്ത ദ്വീപുകളിൽ കൃഷിക്ക് പാട്ടത്തിന് നൽകിയ സ്‌ഥലത്ത് താൽകാലികമായി കെട്ടിയ ഷെഡുകൾ പൊളിക്കാൻ മാർച്ച് 25ന് കളക്‌ടർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്‌ത് കെ അബ്‌ദുൾ റഹിം അടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ഹരജി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. അതുവരെ തൽസ്‌ഥിതി തുടരണമെന്നാണ് നിർദ്ദേശം. അവധി ദിവസം ആയിരുന്നിട്ടും ശനിയാഴ്‌ച വൈകിട്ട് 7.45ന് പ്രത്യേക സിറ്റിങ് നടത്തിയാണ് സിംഗിൾ ബെഞ്ച് ഹരജി പരിഗണിച്ചത്. താൽകാലിക ഷെഡുകൾ എന്ത് സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് വ്യക്‌തമാക്കാൻ കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വിശദീകരണത്തിന് സമയം തേടിയതിനെ തുടർന്നാണ് ഹരജി ചൊവ്വാഴ്‌ച പരിഗണിക്കാൻ മാറ്റിയത്.
താൽകാലിക ഷെഡുകൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 11നാണ് ആദ്യം നോട്ടീസ് നൽകിയത്. ഒഴിപ്പിക്കുമെന്ന് വ്യക്‌തമാക്കി 16ന് വീണ്ടും നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് 25ന് വൈകിട്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടതെന്ന് ഹരജിക്കാർ പറഞ്ഞു. കൃഷി ആവശ്യങ്ങൾക്ക് അനുവദിച്ച ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം.
Most Read: ദളിത് വിരുദ്ധ പരാമര്‍ശം; നടി മീര മിഥുന്‍ വീണ്ടും അറസ്‌റ്റില്‍