മുബൈ: പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. മകൾ പിയ ബെനഗലാണ് മരണവിവരം മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചത്.
ഡിസംബർ 14ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന്റെ 90ആം ജൻമദിനം ആഘോഷിച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2005ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും പത്മഭൂഷണും നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗൽ. വിവിധ വിഭാഗങ്ങളിലായി 17 വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
2006 മുതൽ 2012 വരെ രാജ്യസഭാ അംഗമായിരുന്നു. ഇന്ത്യൻ ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങൾ ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന ശ്രീധർ ബി ബെനഗലിന്റെ മകനായി 1934 ഡിസംബർ 14ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് ജനനം.
പിതാവിന്റെ ക്യാമറ ഉപയോഗിച്ച് 12ആം വയസിലാണ് ശ്യാം ബെനഗൽ ആദ്യത്തെ ചലച്ചിത്ര സൃഷ്ടി നടത്തിയത്. ഉസ്മാനിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജൻസിയിൽ കോപ്പി റൈറ്ററായി ജോലി ചെയ്തു. 1962ൽ ആദ്യത്തെ ഡോക്യുമെന്ററി എടുത്തു.
1973ൽ പുറത്തിറങ്ങിയ ‘അങ്കുർ’ ആണ് ആദ്യ സിനിമ. തുടർന്ന്, നിശാന്ത് (1975), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ഇന്ത്യയിലെ നവതരംഗ സിനിമയുടെ തുടക്കക്കാരിൽ ഒരാളായി ശ്യാം ബെനഗൽ മാറി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1976ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു. ഭാര്യ: നീര ബെനഗൽ.
Most Read| ‘ഷെയ്ഖ് ഹസീനയെ മടക്കി അയക്കണം’; ഇന്ത്യക്ക് കത്തയച്ച് ബംഗ്ളാദേശ് സർക്കാർ








































