ന്യൂഡെൽഹി: കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു. ലഖിംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിങ് ജഡ്‌ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
ലഖിംപൂര്‍ സംഭവത്തില്‍ മന്ത്രി അജയ് മിശ്രയുടെ പങ്കും അന്വേഷിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്‌ട്രപതിക്ക് നല്‍കിയ കത്തില്‍ വ്യക്‌തമാക്കി. ഇക്കാര്യങ്ങളെല്ലാം സർക്കാരിനെ അറിയിക്കാമെന്ന് രാഷ്‌ട്രപതി പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ലഖിംപൂർ സംഭവത്തിലെ കോണ്‍ഗ്രസിന്റെ വസ്‌തുതാ അന്വേഷണ റിപ്പോര്‍ട്ടും പ്രതിനിധി സംഘം രാഷ്‌ട്രപതിക്ക് കൈമാറിയിട്ടുണ്ട്. ലഖിംപൂരിലെ കർഷകരുടെ കൊലപാതകത്തില്‍ സർക്കാരിന് മേലുള്ള സമ്മർദ്ദം ശക്‌തമാക്കുകയാണ് കോണ്‍ഗ്രസ്.
മകനെതിരെ കൊലപാതക കേസില്‍ അന്വേഷണം നടക്കുമ്പോള്‍ അച്ഛൻ മന്ത്രി സ്‌ഥാനത്ത് തുടരുന്നതിലെ ധാര്‍മിക പ്രശ്‌നമാണ് കോണ്‍ഗ്രസ് ഉയർത്തുന്നത്. അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി തുടരുമ്പോൾ നിഷ്‌പക്ഷമായ അന്വേഷണം നടക്കില്ലെന്ന് കോൺഗ്രസ് അഭിപ്രായപ്പെടുന്നു.
Most Read: ഇതിലും കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നു, അപ്പീൽ നൽകണം; വിഡി സതീശൻ








































