ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ മീൻ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മീൻ കച്ചവടക്കാരന് ക്രൂര മർദ്ദനം. നൈനിറ്റാളിലെ ടോക് നർത്തോള ഗ്രാമത്തിലാണ് സംഭവം. ഭഗവാൻ സിങ് പടിയാർ (33) ആണ് കൊല്ലപ്പെട്ടത്.
നാല് പേർ ചേർന്ന് ഭഗവാൻ സിങ്ങിനെ ക്രൂരമായി മർദ്ദിക്കുകയും സ്‌റ്റീൽ വടി ഉപയോഗിച്ച് കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും ആയിരുന്നു. ശേഷം ഇയാളെ ഇരുനില വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഗുരുതരാവസ്‌ഥയിലായ ഭഗവാൻ സിങ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞെങ്കിലും പിന്നീട് മരിച്ചു.
നവംബർ രണ്ടിന് രാത്രി ഏഴ് മണിയോടെ നാട്ടുകാരായ നാല് പേർ മൽസ്യം വാങ്ങാനായി ഇയാളുടെ കടയിൽ എത്തിയിരുന്നു. എന്നാൽ, മീൻ വാങ്ങിയ ശേഷം ഇവർ പണം നൽകാൻ ഇവർ തയ്യാറായില്ല. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട ഭഗവാൻ സിങ്ങിന്റെ ബന്ധു പോലീസിൽ പരാതി നൽകിയതിന്റെ അടിസ്‌ഥാനത്തിൽ പ്രതികളായ കൗശൽ സിങ്, സുനിൽ ജോഷി, ഭൂപാൽ സിങ്, ചഞ്ചൽ സിങ് എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. നാല് പേരുടെയും അറസ്‌റ്റും പോലീസ് രേഖപ്പെടുത്തി.
Also Read: ഡെൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; സ്‌കൂളുകൾ അടച്ചു, കർശന നിയന്ത്രണങ്ങൾ