തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്. അന്തിമ പട്ടികയില്‍ ഒറ്റപ്പേരുകള് മാത്രം നിശ്ചയിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും താൽപര്യം. പട്ടിക സംബന്ധിച്ച് അവസാനഘട്ട ചർച്ചക്കായി ഇരുവരും ഇന്ന് തിരുവനന്തപുരത്ത് കൂടിയാലോചന നടത്തും. ഇതിന് ശേഷം ഡെല്‍ഹിക്ക് തിരിക്കാനാണ് നേതാക്കളുടെ തീരുമാനം.
നിലവില്‍ പുറത്തുവന്നിട്ടുള്ള സൂചനാ പട്ടികകളില്‍ ചില ജില്ലകളില്‍ നിന്ന് ഒന്നിലധികം പേരെ പരിഗണിക്കുന്നുണ്ട്. ഇത് ഒഴിവാക്കി ഒറ്റപ്പേരിലേക്ക് ചുരുക്കാനാണ് നേതാക്കള്‍ക്ക് താൽപര്യം. ഇതില്‍ സുധാകരന്റെ തീരുമാനം നിര്‍ണായകമായിരിക്കും. സാമുദായിക സമവാക്യങ്ങള്‍ കൂടെ പരിഗണിച്ചാവും ലിസ്റ്റ് നിർമിക്കുക. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കും. നേരത്തെ സുധാകരന്റെ ബന്ധു ഡിസിസി അന്തിമ പട്ടിക പുറത്തുവിട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരു വിധത്തിലും പുറത്തുവരില്ലെന്നും സുധാകരൻ പറയുന്നത്.
Also Read: ഓൺലൈൻ ചതിക്കുഴികൾ പലവിധം; സംസ്ഥാനത്ത് നടന്നത് 4 കോടിയുടെ തട്ടിപ്പ്







































