ഓൺലൈൻ ചതിക്കുഴികൾ പലവിധം; സംസ്‌ഥാനത്ത്‌ നടന്നത് 4 കോടിയുടെ തട്ടിപ്പ്

By News Desk, Malabar News
There are many types of online scams; Fraud of around Rs 4 crore in the state
Rep. Image
Ajwa Travels

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സംസ്‌ഥാന സർക്കാരടക്കം നിരന്തരം മുന്നറിയിപ്പ് നൽകുമ്പോഴും ഇരകളാകുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. കേസുകളും പരാതികളും അനുദിനം കൂടുന്നു. കഴിഞ്ഞ 6 മാസത്തിനിടെ സംസ്‌ഥാനത്ത് 4 കോടിയോളം രൂപയുടെ തട്ടിപ്പുകൾ നടന്നുവെന്നാണ് കണക്ക്.

തട്ടിപ്പുകാർ ചൂണ്ടയെറിയുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ്. ഫോൺ കോൾ, ഇ മെയിൽ, മെസേജ്. ബാങ്കിൽ നിന്നെന്ന വ്യാജേന ഫോൺ വിളിച്ച് ക്രെഡിറ്റ് കാർഡ് തരാമെന്നോ പലിശയില്ലാതെ വായ്‌പ നൽകാമെന്നോ വാഗ്‌ദാനം ചെയ്‌ത്‌ അക്കൗണ്ട് വിവരങ്ങൾ ചോർത്താനാകും ശ്രമം. മറ്റൊന്ന് ഫോണിൽ എസ്‌എംഎസ്‌ വഴി എടിഎം കാർഡ് ബ്‌ളോക്ക്, അക്കൗണ്ട് പുതുക്കൽ തുടങ്ങിയ രീതികൾ. ഇവയോടൊപ്പം ഒരു ലിങ്കും തട്ടിപ്പുകാർ അയക്കും. ഇതാണ് ചൂണ്ടക്കൊളുത്ത്. ഒന്നും നോക്കാതെ അതിൽ കയറി കൊത്തിയാൽ ബാങ്ക് അക്കൗണ്ട് കാലിയാകുന്ന വഴിയറിയില്ല.

കോവിഡ് കാലമായതോടെ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ വ്യാപകമാണ്. ഇത് വഴി തട്ടിപ്പുകളും തട്ടിപ്പിന് ഇരയാകുന്നവരും കുറവല്ല. സിനിമാതാരം ആര്യയുടെ അനുഭവം ഇങ്ങനെ ‘ഇൻസ്‌റ്റഗ്രാമിലെ ഞങ്ങളുടെ സൈറ്റിൽ കണ്ട സാരിയുടെ വില ചോദിച്ചാണ് ഒരാൾ സമീപിച്ചത്. വില 3300 എന്ന് പറഞ്ഞു. ഗൂഗിൾ പേ വഴി 13,300 രൂപ അയച്ചതിന്റെ സ്‌ക്രീൻ ഷോട്ട് അയാൾ അയച്ചുതന്നു. 10,000 രൂപ അറിയാതെ അയച്ചതാണെന്നും അത് ഗൂഗിൾ പേ വഴി തന്നെ തിരിച്ചയക്കാനും ആവശ്യപ്പെട്ടു. ഞാനതിലേക്ക് പണം തിരിച്ചിടാന്‍ നോക്കുമ്പോള്‍ ഗൂഗിള്‍ പേയില്‍ നിന്ന് തന്നെ അലർട് മെസേജ് വന്നു. ഈ അക്കൗണ്ടിലേക്ക് പണം ഇടുന്നത് റിസ്‌ക്‌ ആണെന്നായിരുന്നു അലർട്. സഹോദരന്‍ സ്‌ക്രീൻ ഷോട്ട് എടുത്ത് നോക്കിയപ്പോഴാണ് അത് വ്യാജമാണെന്ന് മനസിലായത്. ടൈപ്പ് ചെയ്‌തായിരുന്നു സ്‌ക്രീൻ ഷോട്ട് അയച്ചിരുന്നത്’.

ഇങ്ങനെ പല രൂപത്തിലും ഭാവത്തിലുമാണ് തട്ടിപ്പുകാർ എത്തുന്നത്. സാധനം വാങ്ങാൻ എത്തുന്നവരായോ ബാങ്ക് ഉദ്യോഗസ്‌ഥരായോ വായ്‌പാദാതാക്കളായോ ചതിക്കുഴി ഒരുക്കി കാത്തിരിക്കുകയാണിവർ. ഫോൺ, ലാപ്‌ടോപ് എന്നിവ കയ്യിലുള്ള ആരും ചതിയിൽ പെടാം. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ നാല് കോടിയോളം രൂപയാണ് സൈബര്‍ മാഫിയ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍ നിന്ന് തട്ടിയെടുത്തത്. പത്തനംതിട്ടയിലെ ഒരു സ്‌ത്രീക്ക് മാത്രം ഒരു കോടി എണ്‍പത് ലക്ഷം രൂപ നഷ്‌ടമായി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ 6 മാസത്തിനിടെ 550 പേരാണ് പണം നഷ്‌ടമായെന്ന പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചത്. ഇവര്‍ക്ക് നഷ്‌ടമായ തുകയാകട്ടെ അരക്കോടിയോളം രൂപയും. കൊല്ലം ജില്ലയില്‍ നിന്ന് 22 ലക്ഷം രൂപയും തൃശൂരില്‍ നിന്ന് 18 ലക്ഷം രൂപയും വയനാട് നിന്ന് 12 ലക്ഷം രൂപയും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഇടപാടുകാര്‍ക്ക് നഷ്‌ടമായി.

കരുതിയിരിക്കാം

  • മെസേജ്, മെയിൽ എന്നിവയിൽ വരുന്ന എല്ലാ ലിങ്കുകളിലും കൈവെക്കാതിരിക്കുക. നിങ്ങളുടെ ഫോൺ നമ്പർ ഒരു കോടി നറുക്കെടുപ്പിലൂടെ നേടിയിരിക്കുന്നു തുടങ്ങിയ മെസേജുകൾ കണ്ടാൽ സാമാന്യ ബുദ്ധിയുള്ള ആളുകൾ തിരിഞ്ഞുനോക്കാതെ പോകും. ഇത്തരം മെസേജുകളിൽ വീണാൽ ബാങ്ക് അക്കൗണ്ട് ഉൾപ്പടെ കാലിയാകും എന്ന കാര്യത്തിൽ സംശയമില്ല.
  • എല്ലാ ഫോൺ കോളുകളും വിശ്വസനീയമല്ല. ബാങ്ക് ഉദ്യോഗസ്‌ഥർ ചമഞ്ഞ് ഫോൺ വിളികൾ വരുമ്പോൾ അതാത് ബാങ്കുകളിൽ വിളിച്ച് സ്‌ഥിരീകരിക്കുക. തട്ടിപ്പാണെന്ന് മനസിലായാൽ പോലീസ് സ്‌റ്റേഷനിലോ സൈബർ സെല്ലിലോ പരാതി നൽകുക.
  • എല്ലാ ബാങ്കുകളും ആവർത്തിച്ച് പറയുന്ന കാര്യമാണ് അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് അവർ ഫോൺ ചെയ്യുകയോ മെസേജ് ചെയ്യുകയോ ചെയ്യുകയില്ലെന്ന്. ഇത് മനസിലാക്കി പ്രവർത്തിക്കുക.
  • എല്ലാ ഷോപ്പിങ് സൈറ്റുകളും വിശ്വസനീയമല്ല. ഓൺലൈൻ വഴി പണമടച്ചാൽ പിന്നെ അപ്രത്യക്ഷമാകുന്ന ഷോപ്പിങ് സൈറ്റുകൾ വ്യാപകമാണ്. ഓർഡർ ചെയ്‌ത സാധനവും ലഭിക്കില്ല. ലഭിച്ചാൽ തന്നെ ഗുണനിലവാരം വളരെ മോശമായ സാധനങ്ങളാകും നമുക്ക് ലഭിക്കുക.

Online Fraud_kerala

തട്ടിപ്പുകൾ വർധിക്കുകയാണെങ്കിലും കരുതിയിരുന്നാൽ അതിജീവിക്കാൻ സാധിക്കും. ഓൺലൈനിൽ വളരെ ജാഗ്രത പുലർത്തുക. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ഫോൺ ചോർത്തൽ വരെ നടക്കുന്നതിനാൽ ഫോൺ വിളിക്കുന്ന എല്ലാവരോടും എല്ലാ കാര്യങ്ങളും വിളിച്ച് പറയാൻ നിൽക്കരുത്.

Also Read: കാബൂളിലേക്ക് എത്താനാകാതെ മലയാളി കന്യാസ്‌ത്രീ; ആശങ്കയിൽ കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE