ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ നടന്ന കുടിയൊഴിക്കൽ നടപടിയെച്ചൊല്ലി (ബുൾഡോസർ നടപടി) കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ വാക്പോര് മുറുകുന്നു. കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഡികെ ശിവകുമാർ പറഞ്ഞു.
ബെംഗളൂരുവിൽ വൻതോതിൽ നടത്തിയ ഒഴിപ്പിക്കലിനെതിരെ മുഖ്യമന്ത്രി വിമർശനം നടത്തിയതിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രതികരണം. ബെംഗളൂരുവിലെ ഫക്കീർ കോളനിയിലും വാസിം ലേഔട്ടിലുമുണ്ടായ പൊളിച്ചുനീക്കാൻ അങ്ങേയറ്റം ഞെട്ടിക്കുന്നതും വേദനാജനകവുമെന്നാണ് വെള്ളിയാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയൻ വിമർശിച്ചത്.
എന്നാൽ, ബെംഗളൂരുവിലെ യാഥാർഥ്യം മുതിർന്ന നേതാവായ പിണറായി വിജയൻ മനസിലാക്കണമെന്ന് ഡികെ ശിവകുമാർ പറഞ്ഞു. പിണറായി വിജയന്റെ പരാമർശങ്ങൾ രാഷ്ട്രീയ താൽപര്യത്തോടെ ഉള്ളതാണെന്നും വസ്തുതകൾ അറിയാതെ പിണറായി തങ്ങളുടെ സംസ്ഥാനത്തിന്റെ കാര്യങ്ങളിൽ ഇടപെടരുതെന്നും തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ ഗിമ്മിക്കുകളാണിതെന്നും ശിവകുമാർ കുറ്റപ്പെടുത്തി.
”ബെംഗളൂരുവിലെ യാഥാർഥ്യം പിണറായി വിജയൻ മനസിലാക്കണം. ഖരമാലിന്യം നിക്ഷേപിക്കാൻ നീക്കിവെച്ച അപകടകരമായ ക്വാറി കുഴിയായിരുന്നു ഈ സ്ഥലം. അത് അനധികൃതമായി കയ്യേറിയത്. ഇക്കാര്യം സർക്കാരിനും പ്രാദേശിക എംഎൽഎമാർക്കും അറിയാം. ദുരിതബാധിതരെ മാനുഷിക പരിഗണനയോടെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അവർക്ക് ബദൽ ഭവനസൗകര്യം നൽകും.
ഞങ്ങളുടെ ഭൂമി സംരക്ഷിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. അർഹരായവർക്ക് രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം വീടുകൾ നൽകാൻ തയ്യാറാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഞാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട പ്രകാരം അവർ റിപ്പോർട് സമർപ്പിച്ചു. കേരളത്തിൽ നിന്നുള്ള ഞങ്ങളുടെ നേതാക്കൾ ഞാനുമായി സംസാരിച്ചു”- ശിവകുമാർ പറഞ്ഞു.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം





































