തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താനൊരു പ്രത്യേക ജനുസാണെന്നും പിടി തോമസിന് പിണറായി വിജയനെ ഇതുവരെ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭ നിര്‍ത്തിവച്ച് സ്വര്‍ണക്കടത്ത് ചര്‍ച്ച ചെയ്യാനുള്ള അടിയന്തിര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും വ്യക്‌തിപരമായി അധിക്ഷേപിച്ച് പിടി തോമസ് പരാമര്‍ശം നടത്തിയിരുന്നു. ഇതിനോടാണ് ശക്‌തമായ ഭാഷയിൽ മുഖ്യമന്ത്രി പ്രതികരിച്ചത്.
കേരളത്തിന്റെ ആദ്യത്തെ കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രി ഇഎംഎസ് ആയിരുന്നെങ്കില്‍ കേരളത്തില്‍ ആദ്യത്തെ ജയിലില്‍ കിടക്കുന്ന കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കുമെന്നും പിടി തോമസ് ആരോപിച്ചിരുന്നു. എന്നാല്‍ ജയിലറ കാട്ടി കമ്യൂണിസ്‌റ്റുകാരെ ഭയപ്പെടുത്തേണ്ടെന്നും തലയുയര്‍ത്തി തന്നെയാണ് നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
എല്ലാ ഏജന്‍സികളും ഒരുമിച്ച് നിന്ന് ശ്രമിച്ചിട്ടും ഇതുവരെ ഒരു തെളിവും സര്‍ക്കാറിനെതിരെ ലഭിച്ചിട്ടില്ലെന്നും താന്‍ ജയിലില്‍ പോകുമെന്നത് പ്രതിപക്ഷത്തിന്റെ മനോവ്യാപാരം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎം രവീന്ദ്രനെതിരായ ആരോപണം മനോവൈകല്യം ഉള്ളവരുടെ ആഗ്രഹം മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also: എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭ; പ്രതിപക്ഷ നേതാവ്