ന്യൂഡെല്‍ഹി: കോവിഡ് രോഗ ബാധിതരുടെ വീടിനുപുറത്ത് പോസ്‌റ്ററുകള്‍ പതിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം. ഇത്തരമൊരു മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്ന് സംസ്‌ഥാനങ്ങള്‍ ഇത്തരം നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി കേന്ദ്ര, സംസ്‌ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ആശുപത്രികളിലെയും നഴ്സിങ് ഹോമുകളിലെയും അഗ്‌നിശമന സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ രാജ്കോട്ടില്‍ കോവിഡ് ആശുപത്രിയിലുണ്ടായ അഗ്‌നിബാധയില്‍ നിരവധി രോഗികള്‍ മരിച്ചിരുന്നു.
ഇതേതുടര്‍ന്ന് ആശുപത്രികളില്‍ അഗ്‌നിശമന സുരക്ഷാ സംവിധാനം നടപ്പാക്കിയത് സംബന്ധിച്ച് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര, ഗുജറാത്ത് സര്‍ക്കാറുകളോട് ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഇക്കാര്യം ഡിസംബര്‍ 14ന് കോടതി വീണ്ടും പരിഗണിക്കും.
Read also: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും




































