ന്യൂഡെൽഹി: കേരളം ഉൾപ്പടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് ഇടങ്ങളിൽ ബിജെപിക്ക് എതിരെ പ്രചാരണം നടത്താൻ കർഷകർ രംഗത്ത് ഇറങ്ങും. കർഷകദ്രോഹ നയങ്ങൾ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നൽകരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുമെന്ന് കർഷക സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
‘ബിജെപിക്കെതിരെ കര്‍ഷകര്‍, ബിജെപിയെ ശിക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ടായിരിക്കും പ്രചാരണ പരിപാടികള്‍. മാര്‍ച്ച് 12ന് പശ്ചിമ ബംഗാളില്‍ നിന്ന് ബിജെപി വിരുദ്ധ പര്യടനത്തിനു തുടക്കം കുറിക്കും. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്നാട് എന്നിവിടങ്ങളിൽ എത്തി പ്രചാരണ പരിപാടികള്‍ നടത്തും.
“ഞങ്ങള്‍ ഒരു പാര്‍ട്ടിക്കും വേണ്ടി വോട്ട് ചോദിക്കില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാത്ത ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യർഥിക്കും,”- സംയുക്ത കിസാന്‍ മോര്‍ച്ച നേതാവായ ബല്‍ബീര്‍ സിംഗ് രജേവാള്‍ പറഞ്ഞു.
കേരളത്തില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് പ്രത്യേക പ്രചാരണം നടത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ബിജെപിക്ക് സ്വാധീനമുള്ള മറ്റ് മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ പ്രചാരണ പരിപാടികളുണ്ടാകും. ബല്‍ബീര്‍ സിംഗ് മാര്‍ച്ച് 15ന് ആലപ്പുഴ കുട്ടനാട്ടിലെ കര്‍ഷക യോഗത്തിനെത്തും.
Also Read: ബംഗാളിൽ അധികാരത്തിലെത്താൻ ഒരു ഫാസിസ്റ്റ് ശക്തിയെയും അനുവദിക്കില്ല; തേജസ്വി യാദവ്








































