ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കോൾഡ്രിഫ് സിറപ്പ് കുറിച്ചുകൊടുത്ത ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തു. കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത് 11 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ തുടർന്നാണ് അറസ്‌റ്റ്.
മരിച്ച കുട്ടികളിൽ ഭൂരിഭാഗവും ശിശുരോഗ വിദഗ്‌ധനായ ഡോ. പ്രവീൺ സോണിയുടെ ക്ളിനിക്കിൽ ചികിൽസ തേടിയവരായിരുന്നു. സിറപ്പ് നിർമിച്ച തമിഴ്‌നാട് കാഞ്ചീപുരത്തെ കമ്പനിക്കെതിരെ മധ്യപ്രദേശ് സർക്കാർ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. കേരളത്തിന് പിന്നാലെ ചുമ മരുന്നായ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന തെലങ്കാനയും നിരോധിച്ചു.
കോൾഡ്രിഫ് സിറപ്പിന്റെ എസ്ആർ 13 ബാച്ചിൽ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. സിറപ്പിന്റെ ഉപയോഗം എത്രയും വേഗം അവസാനിപ്പിക്കാനും ഇത് സംബന്ധിച്ച അറിയിപ്പ് പ്രാദേശിക ഡ്രഗ് കൺട്രോൾ അതോറിറ്റികൾക്ക് നൽകാനും സർക്കാർ നിർദ്ദേശിച്ചു. മരുന്നിന്റെ വിൽപ്പന തമിഴ്‌നാടും നിരോധിച്ചിട്ടുണ്ട്.
രാജസ്‌ഥാനിലും മധ്യപ്രദേശിലും ചുമ മരുന്ന് കഴിച്ചതിന് പിന്നാലെ അസ്വാസ്‌ഥ്യമുണ്ടായി 11 കുട്ടികൾ മരിച്ചിരുന്നു. മരിച്ച കുട്ടികൾക്ക് വൃക്ക തകരാറുകളും കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച മധ്യപ്രദേശ് സർക്കാർ മരുന്നിന്റെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
1400ഓളം കുട്ടികൾ രാജസ്‌ഥാനിൽ നിരീക്ഷണത്തിലാണ്. ചുമ മരുന്ന് കഴിച്ച് മരണം റിപ്പോർട് ചെയ്‌തതിനെ തുടർന്ന് രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. രണ്ടുവയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്‌ടർമാർ ചുമയ്‌ക്കുള്ള സിറപ്പ് നിർദ്ദേശിക്കരുതെന്ന് സെൻട്രൽ ഡയറക്‌ടറേറ്റ് ഓഫ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് നിർദ്ദേശിച്ചിട്ടുണ്ട്.
ആരെങ്കിലും കുറിപ്പടിയുമായി വന്നാൽ നൽകാൻ പാടില്ലെന്ന് മെഡിക്കൽ സ്‌റ്റോറുകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ചുവയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ചുമയ്‌ക്കുള്ള സിറപ്പ് നൽകുന്നെങ്കിൽ കർശന നിരീക്ഷണം വേണം. രാജ്യത്തെ മരുന്ന് നിർമാണ യൂണിറ്റുകളിൽ പരിശോധനയ്‌ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി