കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർക്ക് വെട്ടേറ്റു. ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. വിപിന്റെ തലയ്‌ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്‌ടറെ വെട്ടി പരിക്കേൽപ്പിച്ചത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ഡോക്‌ടറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മകൾക്ക് മതിയായ ചികിൽസ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ഓഗസ്‌റ്റ് 14നാണ് സനൂപിന്റെ മകൾ അനയ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപതിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്.
അവിടെ വെച്ച് അസുഖം കൂടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. എന്നാൽ മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കണമെന്നും മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അനയയുടെ സഹോദരനും രോഗം സ്‌ഥിരീകരിച്ചിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്