ന്യൂഡെൽഹി: ഡെൽഹിയിൽ ഡോക്‌ടറെ വെടിവെച്ച് കൊലപ്പെടുത്തി. ഡെൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്‌സിങ് ഹോമിൽ ഇന്നലെ രാത്രിയാണ് സംഭവം. 55 വയസുകാരനായ യുനാനി ഡോക്‌ടർ ജാവേദ് അക്‌തറാണ് കൊല്ലപ്പെട്ടത്. രണ്ടു കൗമാരക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആശുപത്രിയിലെ ജീവനക്കാർ നൽകിയ മൊഴി.
ആശുപത്രിയിലെ ജീവനക്കാർ പറയുന്നതനുസരിച്ച്, രണ്ടു കൗമാരക്കാർ രാത്രി വൈകി ചികിൽസ തേടിയെത്തി. അതിലൊരാൾക്ക് കാൽവിരലിന് പരിക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. തലേദിവസം രാത്രി ഈ കൗമാരക്കാരന് ആശുപത്രിയിൽ ചികിൽസ നൽകിയിരുന്നതാണ്.
മുറിവ് വൃത്തിയാക്കിയ ശേഷം, കൗമാരക്കാർ കുറിപ്പടി വേണമെന്ന് പറഞ്ഞ് ഡോ. ജാവേദ് അക്‌തറിന്റെ മുറിയിലേക്ക് പോയി. മിനിറ്റുകൾക്കുള്ളിൽ, നഴ്‌സിങ് സ്‌റ്റാഫ് ഗജല പർവീണും കമീലും വെടിയൊച്ച കേട്ടു. അവർ ഡോക്‌ടറുടെ മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ തലയിൽ നിന്ന് രക്‌തം വാർന്ന് ജാവേദ് കിടക്കുന്നതാണ് കണ്ടത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവർക്ക് 16-17 വയസ് പ്രായം വരുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
ആസൂത്രണം ചെയ്‌തുള്ള കൊലപാതകമാണിതെന്നും തലേദിവസം രാത്രി പ്രതികൾ സന്ദർശിച്ചത് സ്‌ഥല പരിശോധനക്ക് ആയിരിക്കാമെന്നും പോലീസ് സൂചിപ്പിച്ചു. ആശുപത്രിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി രണ്ടുമാസം തികയും മുമ്പാണ് മറ്റൊരു ഡോക്‌ടർ കൊല്ലപ്പെട്ടത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്








































