തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശേഷം തിരുച്ചെടുത്ത് പോസ്‌റ്റുമോർട്ടം നടത്തിയ സംഭവത്തിൽ ഡോക്‌ടറെ സസ്‌പെൻഡ് ചെയ്‌തു. അസ്‌ഥിരോഗ വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസറും ഓര്‍ത്തോ യൂണിറ്റ് മൂന്നിന്റെ തലവനുമായ ഡോ. പിജെ ജേക്കബിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
കഴിഞ്ഞ 11ആം തീയതിയാണ് മെഡിക്കൽ കോളേജിൽ യൂസഫ് എന്നയാൾ മരിച്ചത്. കഴിഞ്ഞ 8ആം തീയതി അപകടത്തിൽ പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ ഇയാൾ 11ആം തീയതി മരണപ്പെടുകയായിരുന്നു. തുടർന്ന് പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു.
പിന്നീട് പോലീസ് ഇടപെട്ടാണ് മൃതദേഹം വീണ്ടും ആശുപത്രിയിൽ എത്തിച്ച് പോസ്‌റ്റുമോർട്ടം നടത്തിയത്. തുടർന്ന് സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വകുപ്പ് മേധാവിക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ പിഴവ് വരുത്തിയ ഡ്യൂട്ടി ഡോക്‌ടർക്കെതിരെ നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Read also: വിമാനത്തിനുള്ളിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു