വാഷിങ്ടൻ: ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിൽ കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിൽ എത്തുമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിൽ നിന്ന് മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് മോദി യുഎസ് സന്ദർശിക്കുമെന്ന് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
”തിങ്കളാഴ്‌ച രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം, മിക്കവാറും ഫെബ്രുവരിയിൽ തന്നെ അദ്ദേഹം വൈറ്റ് ഹൗസ് സന്ദർശനത്തിനെത്തും. ഞങ്ങൾക്ക് ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളത്”- ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ട്രംപ് ആദ്യം പ്രസിഡണ്ടായിരുന്ന കാലയളവിൽ ഇന്ത്യയിലേക്കാണ് അവസാനത്തെ വിദേശ സന്ദർശനം നടത്തിയത്. 2019 സെപ്‌തംബറിൽ ഹൂസ്‌റ്റണിൽ നടന്ന ‘ഹൗഡി മോദി’യിലും 2020 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ നടന്ന ‘നമസ്‍തേ ട്രംപ്’ റാലിയിലുമായി പതിനായിരക്കണക്കിന് ആളുകളെയാണ് ഇരു നേതാക്കളും അഭിസംബോധന ചെയ്‌തത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്