കനാനസ്കിസ്: ജി7 രാജ്യങ്ങളിൽ നിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചൈനയെ ജി7ൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നും ട്രംപ് പറഞ്ഞു. കാനഡയിൽ ജി7 ഉച്ചകോടിയിൽ കാനഡ പ്രസിഡണ്ട് മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
”മുൻപ് ജി7 ആയിരുന്നില്ല, ജി8 ആയിരുന്നു. ബറാക് ഒബാമയും ജസ്റ്റിൻ ട്രൂഡോയും റഷ്യയെ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല. റഷ്യ ഇതിന്റെ ഭാഗമായിരുന്നെങ്കിൽ ഒരുപക്ഷേ ഇപ്പോൾ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല. അതുപോലെ നാലുവർഷം മുൻപ് ട്രംപ് പ്രസിഡണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു”-ട്രംപ് പറഞ്ഞു.
എന്നാൽ, റഷ്യയെ പുറത്താക്കി ഒരുവർഷത്തിന് ശേഷമാണ് ജസ്റ്റിൻ ട്രൂഡോയെ കനേഡിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. വ്ളാഡിമിർ പുട്ടിൻ ആഗോള ചർച്ചകളിൽ പങ്കാളിയായാൽ യുക്രൈനിലെ നിലവിലെ സംഘർഷം തടയാമായിരുന്നെനും ട്രംപ് അഭിപ്രായപ്പെട്ടു.
”പുട്ടിൻ എന്നോട് സംസാരിക്കുന്നു. അദ്ദേഹം മറ്റാരോടും സംസാരിക്കുന്നില്ല. ജി8ൽ നിന്ന് പുറത്തായപ്പോൾ വളരെയധികം അപമാനിതനായി അദ്ദേഹത്തിന് തോന്നി. അതുകൊണ്ട് അദ്ദേഹം ആരോടും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാനായാലും നിങ്ങളായാലും മറ്റാരായാലും അങ്ങനെ തന്നെ ചെയ്യും”- ട്രംപ് പറഞ്ഞു.
ചൈന ജി7ലേക്ക് വരുന്നത് ഒരു മോശം ആശയമല്ലെന്നും, ചൈന കടന്നുവരുന്നത് കാണാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ തനിക്ക് അതിൽ എതിർപ്പില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജി7 ഉച്ചകോടി അവസാനിക്കും മുൻപ് ട്രംപ് മടങ്ങിയിരുന്നു.
Most Read| നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; കൊഴുപ്പിക്കാൻ മുന്നണികൾ







































