വാഷിങ്ടൻ: ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങുമായി ഏപ്രിലിൽ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈവർഷം അവസാനം ഷി ചിൻപിങ് യുഎസ് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
”ഞാൻ ഏപ്രിലിൽ പ്രസിഡണ്ട് ഷി ജിൻപിങ്ങിനെ സന്ദർശിക്കും. അദ്ദേഹം ഈവർഷം അവസാനം ഇങ്ങോട്ട് വരുന്നുണ്ട്. ഞാൻ അതിനായി കാത്തിരിക്കുകയാണ്. ചൈനയുമായുള്ള ഞങ്ങളുടെ ബന്ധം ഇപ്പോൾ വളരെ മികച്ചതാണ്”- ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അതേസമയം, യാത്രയുടെ കൃത്യമായ തീയതികളിൽ ട്രംപ് വെളുപ്പെടുത്തിയില്ല. എൻബിസി ന്യൂസിലെ ടോം ലാമസിന് നൽകിയ അഭിമുഖത്തിലും താൻ ഏപ്രിലിൽ ചൈന സന്ദർശിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് രാജ്യങ്ങളാണ് യുഎസും ചൈനയും എന്നതുകൊണ്ട് തന്നെ താനും ഷി ജിൻപിങ്ങും തമ്മിൽ നല്ല ബന്ധം പുലർത്തുന്നത് പ്രധാനമാണെന്നും ട്രംപ് പറഞ്ഞു.
ഫെബ്രുവരി നാലിന് ട്രംപും ഷി ജിൻപിങ്ങും 90 മിനിറ്റ് നീണ്ട ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇറാൻ, യുക്രൈൻ വിഷയങ്ങൾ ഒഴിവാക്കി പൂർണമായും വ്യാപാരത്തിലാണ് ആ സംഭാഷണം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഒരുവർഷമായി താനും ട്രംപും തമ്മിൽ മികച്ച ആശയവിനിമയം നടക്കുന്നുണ്ടെന്നും ബുസാനിൽ നടന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശരിയായ ദിശ നൽകിയെന്നും ഷി ജിൻപിങ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ സിൻഹുവ റിപ്പോർട് ചെയ്തിരുന്നു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!







































