വാഷിങ്ടൻ: യുഎസിന്റെ 47ആം പ്രസിഡണ്ടായി ചുമതലയേറ്റതിന് പിന്നാലെ കടുത്ത ഉത്തരവുകളുമായി ഡൊണാൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയിൽ നിന്നും പാരിസ് ഉടമ്പടിയിൽ നിന്നും യുഎസ് പിൻമാറി. ആദ്യ പ്രസംഗത്തിൽ തന്നെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ അമേരിക്കൻ-മെക്‌സിക്കൻ അതിർത്തിയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ച ട്രംപ്, പാനമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ചൈനയ്‌ക്ക് സൂചന നൽകിയിരുന്നു.
ഗൾഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനവും പ്രാബല്യത്തിലായി. ബൈഡന്റെ കാലത്ത് എൽജിബിടിക്യു വിഭാഗങ്ങളോടുള്ള തുറന്ന സമീപനങ്ങളെ തള്ളിയ ട്രംപ്, അമേരിക്കയിൽ ആണും പെണ്ണും എന്നിങ്ങനെ രണ്ട് വർഗം മാത്രമേയുള്ളൂവെന്നും വ്യക്‌തമാക്കി. ക്യൂബയെ ഭീകരരാഷ്‌ട്രീയ പദവിയിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.
അതേസമയം, യുഎസിൽ നിരോധനം ഏർപ്പെടുത്തിയ ടിക്‌ടോക്കിന് നിയമപരമായി പ്രവർത്തിക്കാൻ ട്രംപ് 75 ദിവസത്തെ സാവകാശം അനുവദിച്ചു. ടിക്‌ടോക് ഏറ്റെടുക്കാൻ അമേരിക്കയിൽ നിന്ന് ഉടമസ്‌ഥനെ കണ്ടെത്തണമെന്നാണ് നിർദ്ദേശം. ചൈനയുടെ ഉടമസ്‌ഥതയിൽ നിന്ന് മാറിയാൽ നിരോധനം പിൻവലിക്കുമെന്നും ട്രംപ് അറിയിച്ചു.
അമേരിക്കയിൽ സുവർണ യുഗത്തിന് തുടക്കമെന്നാണ് അധികാരമേറ്റതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്‌തുള്ള ആദ്യ പ്രസംഗത്തിൽ ട്രംപ് പറഞ്ഞത്. ഇന്ന് മുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്‌തു. വളരെ ലളിതമായി അമേരിക്കയെ ഞാൻ ഒന്നാമതെത്തിക്കും.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കും. നീതിയുടെ അളവുകോലുകൾ സന്തുലിതമാക്കും. ഐശ്വര്യപൂർണവും സ്വതന്ത്രവുമായ രാജ്യത്തെ വാർത്തെടുക്കുക എന്നതിനാണ് പ്രഥമ പരിഗണന. ആൽമവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയുമാണ് തിരിച്ചുവരുന്നത്. രാജ്യത്തിന്റെ വിജയത്തിലേക്കുള്ള ത്രസിപ്പിക്കുന്ന പുതിയ യുഗത്തിന്റെ തുടക്കമാണിതെന്നും ട്രംപ് പറഞ്ഞു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും







































