വാഷിങ്ടൻ: യൂറോപ്യൻ യൂണിയനും മെക്‌സിക്കോയ്‌ക്കുമെതിരെ 30 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കത്തുകളിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓഗസ്‌റ്റ് ഒന്ന് മുതലാകും പകരം തീരുവ നടപ്പിലാക്കുന്നത്.
യുഎസിന്റെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികളാണ് യൂറോപ്യൻ യൂണിയനും മെക്‌സിക്കോയും. കാനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ തീരുമാനം. രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം യുഎസ് തുടരുമെന്നും അത് പുതുക്കിയ നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും വ്യക്‌തമാക്കിയാണ് ട്രംപിന്റെ കത്ത്.
അതിതീവ്രമായ വേദനയനുഭവിക്കുന കാൻസർ രോഗികൾക്ക് ആശ്വാസത്തിന് വേണ്ടി നൽകുന്ന മരുന്നായ ഫെന്റനിൽ, യുഎസിലേക്ക് എത്തുന്നത് തടയുന്നതിൽ കാനഡ പരാജയപ്പെട്ടതാണ് പുതിയ താരിഫ് നയത്തിന് കാരണമായതെന്നാണ് ട്രംപ് കത്തിൽ സൂചിപ്പിച്ചത്. ഈ കാരണം തന്നെയാണ് മെക്‌സിക്കോക്ക് അയച്ച കത്തിലും ട്രംപ് ചൂണ്ടിക്കാട്ടുന്നത്.
ഹൈറോയിനെക്കാൾ 50 മടങ്ങും മോർഫിനേക്കാൾ 100 മടങ്ങും വീര്യമുള്ളതാണ് ഫെന്റനിൽ. എന്നാൽ, ആരോഗ്യരംഗത്ത് ഉപയോഗിക്കുന്നതിനേക്കാൾ ഇതിനെ ലഹരി ആവശ്യത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് യുഎസിലേക്ക് ലഹരിമരുന്ന് കടത്ത് നടക്കുന്നതെന്നാണ് ട്രംപ് നേരത്തെയും ആരോപിച്ചിരുന്നത്.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്