വാഷിങ്ടൻ: ഇറാൻ-യുഎസ് സംഘർഷം അയയുന്നതായി സൂചന. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായവരെ തൂക്കിക്കൊല്ലുന്ന നടപടിയിൽ നിന്ന് ഇറാൻ ഭരണകൂടം പിൻമാറിയതോടെയാണ് മേഖലയിലെ സംഘർഷ സാധ്യത കുറഞ്ഞത്.
ഇറാന്റെ തീരുമാനത്തിൽ തനിക്ക് ബഹുമാനമുണ്ടെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന 800ലധികം വധശിക്ഷകളും ഇറാൻ നേതൃത്വം റദ്ദാക്കിയതായി താൻ അറിഞ്ഞെന്നും നടപടിക്ക് നന്ദിയുണ്ടെന്നും ട്രംപ് സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായിരിക്കെ, ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരമുള്ള ആക്രമണ ഭീഷണി മുഴക്കിയിരുന്നു. അതേസമയം, ഇറാനിൽ സൈനികനടപടി തൽക്കാലം വേണ്ടെന്നുവയ്ക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത് ഗൾഫ് രാജ്യങ്ങളുടെ ഇടപെടലാണെന്നാണ് റിപ്പോർട്. സൗദിയും ഖത്തറും ഒമാനും യുഎസുമായി നടത്തിയ ചർച്ചകളാണ് സ്ഥിതി മയപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഇറാനെ ആക്രമിച്ചാൽ ഗൾഫ് മേഖലയിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ഇത് യുഎസിനും ഗുണകരമാവില്ലെന്ന് സൗദിയും ഖത്തറും ട്രംപിനെ ധരിപ്പിച്ചുവെന്നാണ് വിവരം. അതിനിടെ, ഇറാൻ പ്രസിഡണ്ട് മസൂദ് പെഷെസ്കിയാനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുമായും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഫോണിൽ സംസാരിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ മാധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത റഷ്യ ഇസ്രയേലിനെ അറിയിച്ചു. ഇറാൻ വിഷയം ചർച്ച ചെയ്യാൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബർനിയ യുഎസിൽ എത്തിയതായി റിപ്പോർട്ടുണ്ട്. അതേസമയം, അമേരിക്കൻ ആക്രമണം ഉടൻ ഇല്ലെന്ന സൂചനകൾ വന്നെങ്കിലും ഇറാനകത്തെ സ്ഥിതി സങ്കീർണമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി





































