വാഷിങ്ടൻ: മധ്യേഷ്യയിൽ യുഎസ് നിർണായകമായ നീക്കത്തിന് ഒരുങ്ങുകയാണെന്ന സൂചന നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മധ്യപൂർവ ദേശത്തിന്റെ മഹത്വത്തിനായി നമുക്ക് ഒരു യഥാർഥ അവസരം വന്നുചേർന്നിരിക്കുകയാണ്. ആദ്യമായിട്ടാണ് എല്ലാവരും ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങുന്നത്. നമ്മൾ അത് പൂർത്തിയാക്കുക തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രസ്‌താവന. എന്നാൽ, നടപ്പാക്കാൻ ഉദ്ദേശിക്കുന്നതിന്റെ വിശദാംശങ്ങളൊന്നും ട്രംപ് പങ്കുവെച്ചില്ല. ഇസ്രയേൽ- ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ടാകാം പ്രഖ്യാപനമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് ട്രംപിന്റെ പോസ്‌റ്റ് എന്ന പ്രത്യേകതയും ഉണ്ട്.
നേരത്തെ, ഗാസയുടെ കാര്യത്തിൽ ഒരു കരാറിലെത്താനുള്ള സാധ്യതയെ കുറിച്ച് ട്രംപ് പറഞ്ഞിരുന്നു. അതിനിടെ, വിർജീനിയയിലെ ക്വാണ്ടിക്കോയിലുള്ള മറൈൻ കോർ ബേസിൽ നടക്കുന്ന സൈനിക യോഗത്തിൽ ട്രംപ് പങ്കെടുത്തു. മുതിർന്ന കമാൻഡർമാർ, സൈനിക ഉപദേഷ്‌ടാക്കൾ, സൈന്യത്തിലെ ജനറൽമാർ, അഡ്‌മിറലുകൾ എന്നിവർ പങ്കെടുത്ത വിപുലമായ യോഗമാണ് വിർജീനയിൽ നടന്നത്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം