വാഷിങ്ടൻ: ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ, സഹായിക്കാൻ തയ്യാറാണെന്ന വാഗ്ദാനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ സ്വാതന്ത്ര്യത്തിനായി കൊതിക്കുകയാണ്. മുബെങ്ങും ഇല്ലാത്ത പോലെ, സഹായിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ വലിയ കുഴപ്പത്തിലാണെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സഹായിക്കാൻ തയ്യാറാണെന്ന വാഗ്ദാനം. ഇറാനിൽ സൈനിക ആക്രമണത്തിന് ഉത്തരവിടുമെന്നും കഴിഞ്ഞദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഇറാനിൽ തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 116 പേർ കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
2600ലധികം പേർ അറസ്റ്റിലായി. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആരെയും ‘ദൈവത്തിന്റെ ശത്രു’ ആയി കണക്കാക്കുമെന്നും വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നുമാണ് ഇറാന്റെ അറ്റോർണി ജനറൽ അഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കലാപകാരികളെ സഹായിച്ചവർക്കും തുല്യ ശിക്ഷ നൽകുമെന്നും ആസാദ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ വെടിവെച്ചാൽ, തങ്ങൾ തിരിച്ചടിക്കുമെന്നും പ്രക്ഷോഭകർക്ക് വേണ്ടി ഇടപെടാൻ മടക്കില്ലെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിലക്കയറ്റത്തിനെതിരായ കലാപം രണ്ടാഴ്ച പിന്നീടവേ, പൊതുമുതൽ നശിപ്പിക്കുന്നത് തുടർന്നാൽ സൈന്യം ഇറങ്ങുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ച, വിലക്കയറ്റം എന്നിവ ഉയർത്തി ഡിസംബർ 28നാണ് ഇറാൻ ജനത പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ഒരുവർഷമായി ഇറാൻ കറൻസിയുടെ മൂല്യം ഗണ്യമായി കുറയുകയാണ്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി.
കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. പിന്നാലെ വിദ്യാർഥികളും തെരുവിലേക്ക് ഇറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നു. ഇസ്രയേലിന്റെയും യുഎസിന്റേയും പിന്തുണയുള്ള ഭീകരസംഘങ്ങളാണ് കലാപത്തിന് പിന്നിലെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ ആരോപണം. ഇന്റർനെറ്റ് നിരോധനത്തിന് പുറമെ രാജ്യാന്തര മാദ്ധ്യമങ്ങൾക്കും വിലക്കുള്ളതിനാൽ പ്രക്ഷോഭത്തിന്റെ യഥാർഥ സ്ഥിതി വ്യക്തമല്ല.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്






































