വാഷിങ്ടൻ: മറ്റുരാജ്യങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്ന കോടതി വിധിയിൽ പ്രതികരിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തീരുവ ചുമത്തിയില്ലെങ്കിൽ യുഎസ് പൂർണമായി നശിപ്പിക്കപ്പെടുമെന്നും രാജ്യത്തിന്റെ സൈനിക ശക്തി തൽക്ഷണം ഇല്ലാതാക്കപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് യുഎസിലെ ഫെഡറൽ അപ്പീൽ കോടതി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ചില താരിഫുകൾ അസാധുവാക്കിയ വിധി പുറപ്പെടുവിച്ചത്. ‘റാഡിക്കൽ ലെഫ്റ്റ് ജഡ്ജിമാരുടെ കൂട്ടം’ എന്നാണ് വിധി പുറപ്പെടുവിച്ച കോടതിക്കെതിരെ ട്രംപ് പൊട്ടിത്തെറിച്ചത്.
”താരിഫുകളും, നമ്മൾ ഇതിനകം ഏറ്റെടുത്തിട്ടുള്ള ട്രില്യൺ കണക്കിന് ഡോളറുകളും ഇല്ലെങ്കിൽ, നമ്മുടെ രാജ്യം പൂർണമായും നശിപ്പിക്കപ്പെടും. നമ്മുടെ സൈനിക ശക്തി തൽക്ഷണം ഇല്ലാതാകും. റാഡിക്കൽ ഇടതുപക്ഷ ജഡ്ജിമാരുടെ സംഘം അത് കാര്യമാക്കിയില്ല”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ച് മറ്റുരാജ്യങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്നാണ് യുഎസിലെ അപ്പീൽ കോടതി വിധി. തീരുവ ചുമത്തിയതിലൂടെ ട്രംപ് തന്റെ അധികാരം മറികടന്നതായും ഈ തീരുവകൾ വ്യാപാര ചർച്ചകൾക്കായും വിദേശരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനും ഉപയോഗിച്ചെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ദേശീയ അടിയന്തിരാവസ്ഥയിൽ പ്രസിഡണ്ടിന് വിശാലമായ അധികാരങ്ങൾ ഉണ്ടെങ്കിലും ആ അധികാരങ്ങളിൽ തീരുവകൾ ചുമത്തുന്നത് ഉൾപ്പെടുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം, വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ ട്രംപിന് സമയം നൽകിയതിനാൽ നിലവിലെ തീരുവകൾ തുടരാൻ കോടതി അനുവാദം നൽകിയിട്ടുണ്ട്.
Most Read| ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം








































