വാഷിങ്ടൻ: ഡോളറിനെതിരെ നീങ്ങിയാൽ രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറൻസികളെ ആശ്രയിച്ചാൽ 100 ശതമാനം നികുതി ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ ഉൾപ്പടെയുള്ള ബ്രിക്‌സ് രാജ്യങ്ങൾക്കാണ് ട്രംപിന്റെ മുന്നറിയിപ്പ്.
പുതിയ കറൻസി സൃഷ്‌ടിക്കുകയോ മറ്റു കറൻസികളെ ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണക്കുകയോ ചെയ്യരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ഡോളറിനെ സംരക്ഷിക്കുന്നതിനായി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന സൂചനകളാണ് ട്രംപ് ഇതിലൂടെ നൽകുന്നത്. സ്വന്തം സാമൂഹിക മാദ്ധ്യമ പ്ളാറ്റുഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
”പുതിയൊരു ബ്രിക്‌സ് കറൻസി ഇവർ സൃഷ്‌ടിക്കരുത്. ഇതിനൊപ്പം യുഎസ് ഡോളറാല്ലാതെ മറ്റൊരു കറൻസിയെ പിന്തുണക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്‌താൽ അവർ 100 ശതമാനം നികുതിയൊടുക്കാൻ തയ്യാറാകണം. പിന്നീട് അവർക്ക് യുഎസ് സമ്പദ്‍വ്യവസ്‌ഥയിൽ സാധനങ്ങൾ വിൽക്കാൻ സാധിക്കില്ല”- ട്രംപ് പറഞ്ഞു.
”ഇക്കാര്യത്തിൽ ബ്രിക്‌സ് രാജ്യങ്ങളിൽ നിന്ന് ഉറപ്പ് വേണം. ഊറ്റാൻ മറ്റൊരാളെ കണ്ടെത്തണം. ബ്രിക്‌സ് രാജ്യങ്ങൾ അന്താരാഷ്‌ട്ര വ്യാപാരത്തിൽ നിന്ന് ഡോളറിനെ നീക്കാൻ സാധ്യതയില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ അവർക്ക് അമേരിക്കയോട് ഗുഡ്ബൈ പറയാം”- ട്രംപ് കൂട്ടിച്ചേർത്തു.
അന്താരാഷ്‌ട്ര വിനിമയത്തിന് ഡോളറിനെതിരെ കറൻസികൾ ഉപയോഗിക്കാനുള്ള ചർച്ചകൾക്ക് ഒക്‌ടോബറിൽ ചേർന്ന ബ്രിക്‌സ് ഉച്ചകോടിയിൽ തുടക്കമിട്ടിരുന്നു. പ്രാദേശിക കറൻസികളെ ശക്‌തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു നീക്കം. ബ്രിക്‌സ് പേ എന്ന പേരിൽ സ്വന്തം പേയ്‌മെന്റ് സിസ്‌റ്റം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം.
യൂറോപ്പിന്റെ സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലിക്കമ്യൂണിക്കേഷൻ, ഇന്ത്യയുടെ യുപിഐ എന്നിവക്കെല്ലാം സമാനമായിരിക്കും ബ്രിക്‌സ് പേ. റഷ്യൻ റൂബിളിലും ചൈനീസ് യുവാനിലും ഇന്ത്യൻ രൂപയിലും ഇടപാടുകൾ നടത്താൻ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്‌ത്, എത്ത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!








































