വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലാക്കാനാണ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ ബേയിൽ 30,000 കുടിയേറ്റക്കാർക്കുള്ള സൗകര്യമൊരുക്കാനാണ് നീക്കം നടക്കുന്നത്.
പെന്റഗണിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും ഇതുസംബന്ധിച്ച ഉത്തരവ് നൽകുമെന്ന് ട്രംപ് പറഞ്ഞു. ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളത്തിലാണ് അതിസുരക്ഷാ ജയിൽ. ഭീകരരെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. ഇവിടെക്കാണ് കുടിയേറ്റക്കാരെ മാറ്റാൻ ഉദ്ദേശിക്കുന്നത്. അതിനിടെ, കുടിയേറ്റക്കാരെ നാടുകടത്തുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടികളും തുടരുന്നുണ്ട്.
”ഗ്വാണ്ടനാമോയിൽ 30,000 അനധികൃത കുടിയേറ്റക്കാരെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യമൊരുക്കാൻ പ്രതിരോധ, ആഭ്യന്തര സുരക്ഷാ വകുപ്പുകൾക്ക് നിർദ്ദേശം നൽകാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്‌ക്കുകയാണ്. അമേരിക്കൻ ജനതയ്‌ക്ക് ഭീഷണിയായ നിയമവിരുദ്ധ, ക്രിമിനൽ കുടിയേറ്റക്കാരെ തടങ്കലിൽ വയ്‌ക്കാൻ ഈ സൗകര്യം ഉപയോഗിക്കും. അവരിൽ ചിലർ വളരെ മോശമാണ്, അവരുടെ രാജ്യങ്ങൾപോലും സ്വീകരിക്കില്ല. അവർ തിരിച്ചുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഗ്വാണ്ടനാമോയിലേക്ക് അയക്കുന്നത്”- ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.
2001 സെപ്‌തംബർ 11ലെ ഭീകരാക്രമണത്തെ തുടർന്ന് വിദേശ ഭീകരരെന്ന് സംശയിക്കുന്നവരെ തടങ്കലിൽ വയ്‌ക്കാനാണ് 2002ൽ അന്നത്തെ യുഎസ് പ്രസിഡണ്ട് ജോർജ് ഡബ്‌ള്യു ബുഷ് ഗ്വാണ്ടനാമോയിൽ ജയിൽ തുറന്നത്. നിലവിൽ 15 തടവുകാരുണ്ട്. ഭീകരർക്കുള്ള ജയിലറകളിൽ നിന്ന് വ്യത്യസ്‌തമായാണ് കുടിയേറ്റക്കാർക്ക് സൗകര്യം ഒരുക്കുകയെന്നാണ് റിപ്പോർട്. അതേസമയം, ട്രംപിന്റേത് അതിക്രൂരമായ തീരുമാനമാണെന്ന് ക്യൂബ പ്രതികരിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി