വാഷിങ്ടൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തവെ, ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അക്രമത്തിന്റെ പാതയിൽ നേരിടാൻ ശ്രമിച്ചാൽ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
”ഇറാൻ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വെടിവെച്ചുകൊന്നാൽ യുഎസ് അവരുടെ രക്ഷയ്‌ക്കെത്തും”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ച, വിലക്കയറ്റം എന്നിവ ഉയർത്തി ഡിസംബർ 28നാണ് ഇറാൻ ജനത പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.
നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു, പ്രതിഷേധം അടിച്ചമർത്താൻ സുരക്ഷാ സേന ശ്രമിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, സെൻട്രൽ പ്രവിശ്യയിലെ ഇസ്‌ഫഗാൻ എന്നീ നഗരങ്ങളിലാണ് ഏറ്റുമുട്ടൽ രൂക്ഷം. പാശ്‌ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
കഴിഞ്ഞ ഒരുവർഷമായി ഇറാൻ കറൻസിയുടെ മൂല്യം ഗണ്യമായി കുറയുകയാണ്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. പിന്നാലെ വിദ്യാർഥികളും തെരുവിലേക്ക് ഇറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്






































