വാഷിംങ്ടൺ: അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്‌ച പിന്നിടുമ്പോള്‍ വോട്ട് ചോദിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍. ചൊവ്വാഴ്‌ചത്തെ ട്വീറ്റിലാണ് മിന്നസോട്ടയിലെ ജനങ്ങളോട് പുറത്തിറങ്ങി വോട്ട് ചെയ്യാന്‍ ട്രംപിന്റെ മകന്‍ എറിക് ട്രംപ് ആഹ്വാനം ചെയ്‌തത്.
തിരഞ്ഞെടുപ്പിന്റെ ഫലവും വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നടത്തിയ വോട്ട് ചോദിക്കലിന് ഡൊണാള്‍ഡ് ട്രംപിന്റെ മകന് സാമൂഹിക മാദ്ധ്യമങ്ങളില്‍ വന്‍ പരിഹാസമാണ് നേരിടേണ്ടി വരുന്നത്. അബദ്ധം മനസ്സിലാക്കിയ എറിക് ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സാമൂഹിക മാദ്ധ്യമങ്ങള്‍ അപ്പോഴേക്കും ട്വീറ്റ് ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു.
ചൊവ്വാഴ്‌ച പുലര്‍ച്ചെ 5.35നാണ് എറിക് ട്രംപിന്റെ ട്വീറ്റ് വന്നത്. പതിനാലായിരത്തിലേറെ ലൈകും 2584 തവണ റിട്വീറ്റും ചെയ്യപ്പെടുകയുണ്ടായി. വോട്ടെടുപ്പിന്റെയന്ന് നിരവധി ട്വീറ്റുകള്‍ എറിക് നടത്തിയിരുന്നു. ട്വീറ്റ് ഷെഡ്യൂള്‍ ചെയ്‌തതിലെ അബദ്ധമാകാം കാലം തെറ്റിയ ട്വീറ്റെന്നാണ് വിലയിരുത്തല്‍.







































